സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടം

Tuesday 10 January 2017 10:35 pm IST

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പു മഹോത്സവത്തോടനുബന്ധിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി. അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ള എന്നിവരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളുടെ പുരോഗതി പരിശോധിച്ച ജില്ലാ കളക്ടര്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക്് നിര്‍ദ്ദേശം നല്‍കി. ഭക്ഷണശാലയിലെ തൊഴിലാളികള്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് എടുത്തിരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ അദ്ദേഹം ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ഷേത്രത്തിനു സമീപം സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിതനിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മീറ്ററുകളില്ലാതെയും മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതെയും സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ പിടിച്ചെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കി. സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചു. ആലുവ, അങ്കമാലി റെയില്‍വേ സ്റ്റേഷനുകളില്‍ തിരുവൈരാണിക്കുളത്തേക്കുള്ള വിവിധ വാഹനങ്ങളുടെ നിരക്ക് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ റൂറല്‍ പോലീസിനു നിര്‍ദ്ദേശം നല്‍കി. ആലുവ റൂറല്‍ എസ്പിയുടെയും പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ മുന്നൂറോളം പോലീസുകാരെ വിന്യസിക്കും. ക്ഷേത്രപരിസരത്തും സമീപത്തെ പ്രധാന കവലകളിലും പോലീസ് സേവനമുണ്ടാകും. ഇതുകൂടാതെ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 250 സ്വകാര്യഗാര്‍ഡുകളും 500-ലധികം വോളണ്ടിയര്‍മാരും സഹായത്തിനുണ്ടാകും. ജീവനക്കാരടക്കം ആംബുലന്‍സും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റും 24 മണിക്കൂറും സജ്ജമായിരിക്കും. വൃത്തിയുള്ള ശുചിമുറികള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വിവിധ മാര്‍ഗങ്ങളില്‍ വഴികാട്ടുന്നതിനായി റിഫഌകടറുകള്‍ അടക്കമുള്ള സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചു. അറുപതോളം സിസി ടിവി ക്യാമറകള്‍ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തി. ആലുവയില്‍ നിരവധി ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വീസ് നടത്തും. വിവിധ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാലിന്യം നീക്കുന്നത് നടപ്പാക്കുന്ന ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ശുചീകരണ പദ്ധതിയെ ജില്ലാ കളക്ടര്‍ സ്വാഗതം ചെയതു. സബ് കളക്ടര്‍ അബീല അഹ്ദുള്ള, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എസ്. ശ്രീകുമാര്‍, സെക്രട്ടറി പി.ജി. സുധാകരന്‍, ജോയിന്റ് സെക്രട്ടറി ഉണ്ണി മാടവന, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.