ലഹരി മാഫിയക്കെതിരെ ജനകീയ സമിതി

Tuesday 10 January 2017 10:42 pm IST

നെട്ടൂര്‍: മയക്കുമരുന്നു മാഫിയകള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും നെട്ടൂര്‍ ലഹരിവിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു. മരട് നഗരസഭയിലെ 32, 33 ഡിവിഷനുകളിലെ സ്വയംസഹായ സംഘങ്ങളുടേയും, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടേയും, വിവിധ സാമൂഹ്യ സംഘടനകളുടേയും സംയുക്ത യോഗത്തിലായിരുന്നു രൂപീകരണം. ഡയമണ്ട് പുരുഷസ്വയംസഹായ സംഘം പ്രസിഡന്റ് ജൂഡ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. നെട്ടൂര്‍ വടക്കുംതല അമല്‍ ജോസിയെ വീട്ടില്‍ നിന്നിറക്കി മര്‍ദ്ദിച്ച കഞ്ചാവു മാഫിയക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്കും പനങ്ങാട് എസ്‌ഐക്കും മാസ്സ് പെറ്റീഷന്‍ നല്‍കുവാനും, സ്‌കോഡ് ഗ്രൂപ്പുകള്‍, കുടുംബയോഗങ്ങള്‍, പൊതു ജാഗ്രതാ മീറ്റിംഗുകള്‍ തുടങ്ങിയവ വരുംദിവസങ്ങളില്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. ഇതിന്റെ മേല്‍നോട്ടങ്ങള്‍ക്കായി 23 അംഗ കമ്മിറ്റിയും രൂപീകരിച്ചു. കൗണ്‍സിലര്‍മാരായ ദിഷാ പ്രതാപന്‍, ദേവൂസ് ആന്റണി, പി.ജെ. ജോണ്‍സന്‍, എഴുത്തുകാരന്‍ ജി.കെ. പിളള തെക്കേടത്ത്, ബിജെപി നെട്ടൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.ജി. അനില്‍കുമാര്‍, റീജ ടീച്ചര്‍, എന്‍.സി.സെബാസ്റ്റിന്‍, അനസ് അബ്ദുല്‍ റഹുമാന്‍, ജാക്‌സന്‍, ജോഷി എന്നിവര്‍ സംസാരിച്ചു.