ആസ്റ്റര്‍ @ ഹോം ആരംഭിച്ചു

Tuesday 10 January 2017 10:43 pm IST

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി സുകിനോ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സുമായി ചേര്‍ന്ന് രോഗികള്‍ക്കും പ്രായമായവര്‍ക്കും ജീവിതം മെച്ചപ്പെടുത്താനായി വീട്ടില്‍ പരിചരണം ലഭ്യമാക്കുന്ന ആസ്റ്റര്‍@ഹോം പദ്ധതി ആരംഭിച്ചു. പടിപടിയായി രോഗമുക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നവരും ശസ്ത്രക്രിയയ്ക്കുശേഷമോ വീണ്ടും പുനരധിവാസം ആവശ്യമുള്ളവരും ജീവിതകാലം മുഴുവന്‍ ചികിത്സ ആവശ്യമായിട്ടുള്ളവര്‍ക്കും ഈ സംരംഭത്തിലൂടെ പ്രയോജനം ലഭിക്കും. വിശിഷ്ട വ്യക്തികളുടെയും ഡോക്ടര്‍മാരുടെയും സാന്നിധ്യത്തില്‍ പ്രമുഖ നടന്‍ മനോജ് കെ. ജയന്‍ ഉദ്ഘാടനം ചെയ്തു. നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്മാര്‍, കൗണ്‍സിലര്‍മാര്‍, പരിചരിക്കുന്ന ആളുകള്‍, അറ്റന്‍ഡര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന ആസ്റ്റര്‍@ഹോം ടീം പരിചരണം നല്കും. ഹോം നഴ്‌സിംഗ്, അടിസ്ഥാന ചികിത്സാപരിചരണം, രോഗനിര്‍ണ്ണയത്തിന് പിന്തുണ, റിപ്പോര്‍ട്ടുകളും മരുന്നുകളും ആരോഗ്യപരിചരണ സാമഗ്രികളും വീട്ടിലെത്തിച്ചുകൊടുക്കുക, കൗണ്‍സലിംഗ്, ഫിസിയോതെറാപ്പി, സേവനങ്ങളും ഉപകരണങ്ങളും വീട്ടിലെത്തിച്ചുകൊടുക്കുക തുടങ്ങിയവയാണ് സേവനങ്ങള്‍. രോഗികള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള പരിചരണം വീട്ടില്‍ ലഭ്യമാക്കാന്‍ ഈ കൂട്ടുകെട്ട് സഹായിക്കുമെന്ന് സുകിനോ ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ് സിഇഒ രജനീഷ് മേനോന്‍ പറഞ്ഞു. ഏറ്റവും മികച്ച രീതിയിലുള്ള പരിചരണം അവരുടെ വീട്ടില്‍ ലഭിക്കുമെന്ന് ആസ്റ്റര്‍@ഹോമിന്റെ സഹായത്തോടെ ഉറപ്പുവരുത്താനാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ കേരളത്തിലെ ക്ലസ്റ്റര്‍ ഹെഡും ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു.