നിരപരാധികളെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് നീക്കം

Tuesday 10 January 2017 10:49 pm IST

പനച്ചിക്കാട്: അടിപിടിക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി നിരപരാധികളെ അറസ്റ്റുചെയ്യുവാന്‍ ചിങ്ങവനം പോലീസിന്റെ നീക്കം. പനച്ചിക്കാട് എട്ടാം വാര്‍ഡില്‍ മൂലശേരി ജനാര്‍ദ്ദനന്‍ മകന്‍ അജീഷി(31)നെ മര്‍ദ്ദിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി പതിയില്‍ സുരനെ അറസ്റ്റ് ചെയ്യാതെ പോലീസ് നിരപരാധികളെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. വെള്ളൂത്തുരുത്തി എസ്എന്‍ഡിപി അമ്പലത്തിന് സമീപം മൂലയില്‍ വീടിനടുത്തുവച്ച് കഴിഞ്ഞദിവസം അടിപിടി നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സുരനും സുഹൃത്തുക്കളും ചേര്‍ന്ന് അജീഷിനെ കമ്പിവടിയും കൂടവും ഉപയോഗിച്ച് തലയ്ക്കടിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അജീഷിനെ കുറിച്ചി ഗവ.ആശുപത്രി പ്രവേശിപ്പിച്ചു. ഇയാളുടെ മൊഴിയിലും തന്നെ ആക്രമിച്ചത് സുരനും കൂട്ടുകാരുമാണെന്ന് പറഞ്ഞിരുന്നു. യഥാര്‍ത്ഥ പ്രതികളെ രക്ഷിച്ച് നിരപരാധികളെ കുടുക്കുന്ന പോലീസ് -സിപിഎം ബന്ധത്തിനെതിരെ ശക്തമായ സമരവുമായി രംഗത്തെത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.