മുലായം കീഴടങ്ങി; വഴങ്ങാതെ അഖിലേഷ്

Tuesday 10 January 2017 11:30 pm IST

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ മകന്‍ അഖിലേഷുമായി മുലായം സിംഗ് യാദവ് ഒത്തുതീര്‍പ്പിന്. ലക്‌നൗവിലെ മുലായത്തിന്റെ വസതിയില്‍ ഇരുവരും ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി. എന്നാല്‍ അഖിലേഷ് വിട്ടുവീഴ്ചക്ക് തയ്യാറായില്ല. കൂടിക്കാഴ്ചക്ക് ശേഷം കാളിദാസ് മാര്‍ഗിലെ തന്റെ ഓഫീസില്‍ അനുയായികളുടെ യോഗം വിളിച്ച അഖിലേഷ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഭൂരിഭാഗം ജനപ്രതിനിധികളും നേതാക്കളും അഖിലേഷിനൊപ്പമെന്ന് വ്യക്തമായതോടെയാണ് മുലായത്തിന്റെ സമവായ നീക്കം. മകനുമായി പ്രശ്‌നങ്ങളില്ലെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ അഖിലേഷ് തന്നെയാകും മുഖ്യമന്ത്രിയെന്നും കഴിഞ്ഞ ദിവസം മുലായം പറഞ്ഞിരുന്നു. മുലായത്തോടൊപ്പമുള്ള സഹോദരന്‍ ശിവ്പാല്‍ യാദവും അമര്‍ സിങ്ങും അഖിലേഷിന്റെ അടുത്ത അനുയായി രാംഗോപാല്‍ യാദവും ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. പാര്‍ട്ടിയിലെ പോരില്‍ നിഴലുപോലെ നടന്നവരെ ഒഴിവാക്കിയായിരുന്നു അച്ഛന്റെയും മകന്റെയും കൂടിക്കാഴ്ച. അടുത്തിടെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി രാജ്യസഭാംഗമായ അമര്‍ സിങ്ങിനെ പുറത്താക്കണമെന്നും ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന്് മാറ്റണമെന്നും അഖിലേഷ് ആവശ്യപ്പെടുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരന്‍ രാംഗോപാലാണെന്നും അഖിലേഷിനെ വഴിതെറ്റിക്കുന്നുവെന്നും മുലായവും ആരോപിക്കുന്നു. കൂടെയുള്ളവരെ മാത്രം പഴിചാരി അച്ഛനും മകനും നീങ്ങുമ്പോള്‍ പാര്‍ട്ടിലെ പിളര്‍പ്പ് ഒത്തുകളിയാണെന്നും ആരോപണമുയരുന്നുണ്ട്. അഖിലേഷിനെതിരെ കുടുംബത്തിലും പാര്‍ട്ടിയിലുമുള്ള എതിര്‍പ്പ് മറികടക്കാന്‍ മുലായം നടത്തുന്ന നാടകമെന്നാണ് സംശയം. പാര്‍ട്ടി ചിഹ്നത്തിന് മുലായവും അഖിലേഷും അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ഹിയറിങ്ങിന് ഹാജരാകാന്‍ ഇരുവിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. യുപിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഈ മാസം 17 മുതലാണ് നോമിനേഷന്‍ സമര്‍പ്പിക്കുന്നത്. ഇതിന് മുന്‍പ് പ്രശ്‌നം പരിഹരിക്കാനാണ് കമ്മീഷന്റെ ശ്രമം. 90 ശതമാനം ജനപ്രതിനിധികളുടെ പിന്തുണയുണ്ടെന്നും ചിഹ്നം അനുവദിക്കണമെന്നും അഖിലേഷ് ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.