ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാകും: മോദി

Tuesday 10 January 2017 11:41 pm IST

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതാനും മാസമായി രാജ്യം ഇതിനുള്ള കഠിനാധ്വാനത്തിലാണ്. വ്യവസായത്തിന് ഏറ്റവും അനുകൂലമായ ലോകരാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെത്തും. ഗുജറാത്തിലെ ഗാന്ധി നഗറില്‍ എട്ടാമത് വൈബ്രന്റ് ഗുജറാത്ത് ബ്ലോബല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളില്‍ ഇന്ത്യ ആറാമതെത്തിയതായി മോദി ചൂണ്ടിക്കാട്ടി. 2015-16 സാമ്പത്തിക വര്‍ഷം ഉത്പാദനം ഒമ്പത് ശതമാനം വര്‍ദ്ധിച്ചു. ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ 2014- 15 സാമ്പത്തിക വര്‍ഷം 12.4 ശതമാനമായിരുന്നു ഇന്ത്യയുടെ സംഭാവന. പ്രത്യക്ഷ സേവന നികുതി ഉള്‍പ്പെടെ നിരവധി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു. ജനാധിപത്യത്തില്‍ പെട്ടെന്നുള്ള ഫലം ഉണ്ടാവില്ലെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ രണ്ടര വര്‍ഷത്തെ ഭരണത്തിലൂടെ ഇത് തെറ്റാണെന്ന് തെളിയിച്ചു. ജനാധിപത്യവും ജനങ്ങളുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. എല്ലാവര്‍ക്കുമുള്ള വികസനം, തൊഴില്‍, മികച്ച വരുമാനം, വാങ്ങല്‍ശേഷി എന്നിവ ചേര്‍ന്നതാണ് സര്‍ക്കാരിന്റെ വികസന സങ്കല്‍പ്പമെന്നും മോദി വ്യക്തമാക്കി. നാല് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. നൂറ് കണക്കിന് വ്യവസായ കമ്പനികളും ലോകനേതാക്കളും നൊബേല്‍ ജേതാക്കളും സംബന്ധിക്കുന്നുണ്ട്. 2003ല്‍ മോദി മുഖ്യമന്ത്രി ആയിരിക്കെയാണ് വൈബ്രന്റ് ഗുജറാത്ത് ആരംഭിച്ചത്.