കേന്ദ്ര നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

Wednesday 11 January 2017 3:58 am IST

തിരുവനന്തപുരം: പാര്‍ട്ടിയെ ആവര്‍ത്തിച്ച് പ്രതിരോധത്തിലാക്കുന്ന മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ കേന്ദ്രനേതൃത്വം സ്വീകരിച്ച ഉദാര സമീപനത്തിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. പി.ജയരാജനും എം.വി. ജയരാജനും കോലിയക്കോട് കൃഷ്ണന്‍നായരുമാണ് വിഎസ്സിനെതിരെ കേന്ദ്രനേതൃത്വം സ്വീകരിച്ച നടപടി ലഘുവായി പോയി എന്നു വിമര്‍ശിച്ചത്. വിഎസ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് പിബി കമ്മീഷന്‍ കണ്ടെത്തിയത്. പാര്‍ട്ടി നിലപാടുകളെ നിരന്തരം തള്ളിപ്പറഞ്ഞു. മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ നേതാക്കളെ അവഹേളിച്ചു. തുടര്‍ച്ചയായി ഇത് ആവര്‍ത്തിക്കുന്നു. എന്നിട്ടും വിഎസിനോട് വിട്ടുവീഴ്ച ചെയ്തത് ശരിയായില്ലെന്നായിരുന്നു ഇവര്‍ നിലപാടെടുത്തത്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. വിജിലന്‍സ് തലപ്പത്തുള്ളവര്‍ ഇമേജ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് അഭിപ്രായമുയര്‍ന്നു. ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കണം. എന്നാല്‍ തെറ്റുചെയ്യുന്നവരെ സംരക്ഷിക്കേണ്ടതില്ല. സര്‍ക്കാരിനെതിരെ നീങ്ങുന്നവരെ വച്ചുപൊറുപ്പിക്കരുതെന്നും അഭിപ്രായമുയര്‍ന്നു. ഇ.പി. ജയരാജനും ശ്രീമതിക്കുമെതിരായ ആരോപണം പരിശോധിക്കണമെന്നും സംഘടനാപരമായ തെറ്റുകളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യപ്പെടണമെന്നും അഭിപ്രായമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലായതിനാല്‍ പങ്കെടുത്തില്ല. ചര്‍ച്ച ഇന്നും തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.