ഉസ്താദിന്റെ ഷെഹനായി മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍

Wednesday 11 January 2017 10:45 am IST

വാരണാസി: ഭാരതരത്‌ന ജേതാവ് ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹനായി മോഷണം പോയ സംഭവത്തില്‍ അദ്ദേഹത്തിന്റെ ചെറുമകനടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജുവലറി ഉടമകളായ രണ്ട് പേരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് പ്രതികള്‍. വാരണാസി പോലീസിലെ പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഷെഹനായി മോഷണം പോയതിന് പിന്നാലെ നഗരം വിടാനൊരുങ്ങിയ ഉസ്താദിന്റെ ചെറുമകനായ നജ്‌റെ ഹസനെ പോലീസ് പിടികൂടുകയായിരുന്നു. ഹസനെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കടം മേടിച്ച പണം തിരികെ നല്‍കുന്നതിനാണ് ഷെഹനായി മോഷ്ടിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ഹസന്‍ സമ്മതിച്ചത്. പ്രദേശത്തെ ജൂവലറികളിലായി ഷെഹനായി ഇയാള്‍ വിറ്റിരുന്നു. വെള്ളിയില്‍ തീര്‍ത്ത നാല് ഷെഹനായികളില്‍ മൂന്നെണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ക്കായി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.