സ്വാശ്രയകോളേജുകളില്‍ പരിശോധനയ്ക്ക് പ്രത്യേകം സമിതി

Wednesday 11 January 2017 11:33 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയകോളേജുകളിലെ അവസ്ഥ സമഗ്രമായി പരിശോധിക്കാന്‍ പ്രത്യേകം സമിതിക്ക് മന്ത്രിസഭായോഗം രൂപം നല്‍കി. വിദ്യാഭ്യാസ മന്ത്രിയുടെ മേല്‍‌നോട്ടത്തിലാവും സമിതി പ്രവര്‍ത്തിക്കുക. പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. കോളേജുകളിലെ പഠനാന്തരീക്ഷത്തെ സംബന്ധിച്ചും ഭൌതിക സാഹചര്യത്തെ സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവുന്ന അരക്ഷിതാവസ്ഥയെ സംബന്ധിച്ചുമാണ് പരാതികള്‍ ഏറെയും. അതുകൊണ്ടാണ് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയുമായി ആലോചിച്ച് സമിതിക്ക് രൂപം നല്‍കും. വേണമെങ്കില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സമഗ്രമായ അന്വേഷണം നടത്താനും മന്ത്രിസഭായോഗം വിദ്യാഭ്യാസ മന്ത്രിക്ക് നിര്‍ദേശം നല്‍കി. ജിഷ്ണുവിന്റെ ദുരൂഹമരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്നതിന് തെളിവില്ലെന്ന് സാങ്കേതിക സര്‍വകലാശാല നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.