ആചാരപെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു

Wednesday 11 January 2017 12:46 pm IST

ശബരിമല: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ഭഗവദ് സാന്നിധ്യം വിളിച്ചറിയിച്ച് ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ ആരംഭിച്ചു. വാവരു പള്ളിക്ക് സമീപമെത്തിയ സംഘത്തെ പള്ളി ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് പള്ളി വലംവച്ച സംഘം വലിയമ്പലത്തിലേക്ക് തിരിച്ചു. പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആകാശത്ത് പകല്‍ സമയത്ത് ദൃശ്യമാവുന്ന നക്ഷത്രത്തിനെ സാക്ഷി നിര്‍ത്തിയാണ്. അമ്പടത്ത് മാളികയില്‍ എ.കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പേട്ടതുള്ളുന്നത്. അയ്യപ്പനൊപ്പം വാവരും പോകുന്നതിനാല്‍ ആലങ്ങാട് സംഘം പള്ളിയില്‍ കയറാറില്ല. തിന്മയുടെ പ്രതീകമായ മഹിഷിയെ അയ്യപ്പന്‍ നിഗ്രഹിച്ചപ്പോള്‍ നടത്തിയ ആഹ്ലാദനൃത്തത്തിന്റെ ഓര്‍മയായാണ്‌ പേട്ടതുള്ളല്‍. വലിയമ്പലത്തില്‍ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സംഘത്തിന്‌ സ്വീകരണം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.