റേഷന്‍ വിതരണം നിലച്ചതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍

Wednesday 11 January 2017 1:21 pm IST

നിലമ്പൂര്‍: നോട്ടുനിരോധനത്തിനെതിരെ അനാവശ്യമായി മുറവിളി കൂട്ടുന്ന സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കേരളത്തില്‍ റേഷന്‍ വിതരണം നിലച്ചതിനെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മേഖലാ ജാഥാക്ക് വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസമായി കേരളത്തില്‍ റേഷന്‍ വിതരണം താളം തെറ്റിയിട്ട്, ഇത് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചതുകൊണ്ടാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് റേഷന്‍ കാര്‍ഡ് പോലും ശരിയാക്കി നല്‍കാത്തവര്‍ എങ്ങനെ നാട് ശരിയാക്കും. സംസ്ഥാനത്തും ജില്ലയിലും സിപിഎമ്മിന്റെ ബി ടീമായാണ് മുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെ മൊഴിചൊല്ലി സിപിഎമ്മിനെ കല്ല്യാണം കഴിക്കുന്ന കാലം വിദൂരമല്ല. നോട്ട് നിരോധനത്തില്‍പ്പെട്ട് കോടികളുടെ കള്ളപ്പണം നഷ്ടപ്പെട്ടതിന്റെ വിഷമമാണ് ലീഗ് നേതാക്കള്‍ക്ക്. ഇത്തരം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നത് സിപിഎമ്മായതുകൊണ്ടാണ് ലീഗിന് സിപിഎമ്മിനോട് ഇത്ര പ്രിയം. മുസ്ലീം ലീഗിനെ ഒപ്പം കൂട്ടിയാല്‍ കേരളം ഇനിയും ഭരിക്കാമെന്ന വ്യാമോഹമാണ് സിപിഎമ്മിന്. എന്നാല്‍ ഇരുകൂട്ടരുടെയും കള്ളക്കളി ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കള്ളപ്പണക്കാര്‍ കുടുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് ലീഗും സിപിഎമ്മുമാണ്. തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി മുതലാളിമാര്‍ക്ക് വേണ്ടി വാദിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ അതിശയത്തോടെയാണ് നോക്കി കണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍ ജനങ്ങളിലേക്കെത്താതെ ഈ കൂട്ടുകെട്ട് മാഫിയ തടഞ്ഞുവെച്ചിരിക്കുന്നു. സത്യം മനസിലാക്കിയ കേരളത്തിലെ ജനങ്ങള്‍ സിപിഎമ്മിനെ ആട്ടിപ്പുറത്താക്കുന്ന നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ റേഷന്‍ സ്തംഭനം, നോട്ട് പിന്‍വലിച്ചതിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍, അക്രമരാഷ്ട്രീയം എന്നിവക്കെതിരെ ബിജെപി മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന ജാഥയിലെ പാലക്കാട് മേഖലാ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെയാണ് മലപ്പുറത്ത് പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായി പുലാമന്തോളില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജനറല്‍ സെക്രട്ടറിയെ കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്‍, എം.എസ്.സമ്പൂര്‍ണ്ണ, സംസ്ഥാന സെക്രട്ടറിമാരായ കെ.കൃഷ്ണകുമാര്‍, അഡ്വ.എ.കെ.നസീര്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, മേഖലാ സെക്രട്ടറി പി.വേണുഗോപാല്‍ എന്നിവരാണ് മറ്റ് ജാഥ അംഗങ്ങള്‍. ആദ്യ പരിപാടി പെരിന്തല്‍മണ്ണയിലായിരുന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ.എം.കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വണ്ടൂര്‍ മണ്ഡലത്തില്‍ വര്‍ണ്ണാഭമായ സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡന്റ് സുനില്‍ബോസ് അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂരില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി.വിദ്യാധരന്‍ അദ്ധ്യക്ഷത വഹിച്ചു. എടവണ്ണയില്‍ ഏറനാട് മണ്ഡലം പ്രസിഡന്റ് സോമസുന്ദരനും, മഞ്ചേരിയില്‍ ഗോപിനാഥനും അദ്ധ്യക്ഷത വഹിച്ചു. ഇന്നലത്തെ യാത്ര മലപ്പുറത്ത് സമാപിച്ചു. സമാപനയോഗം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, ജാഥാ കോ-ഓര്‍ഡിനേറ്ററായ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.