സ്‌കൂള്‍ അറ്റകുറ്റപ്പണിയില്‍ ക്രമക്കേടെന്ന് ആരോപണം

Wednesday 11 January 2017 1:24 pm IST

പരപ്പനങ്ങാടി: സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയില്‍ ക്രമക്കേടെന്ന് ആരോപണം. നെടുവ ഗവ.ഹൈസ്‌കൂളിലെ മൂന്ന് ക്ലാസ് മുറികളടങ്ങിയ കെട്ടിടത്തിന്റെ മേല്‍ക്കൂര മാറ്റുന്ന പ്രവൃത്തിയിലാണ് ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നത്. മുന്‍ എംഎല്‍എ കുട്ടി അഹമ്മദ് കുട്ടിയുടെ പ്രാദേശിക വികസന ഫണ്ടില്‍ 2004-2005ലാണ് കെട്ടിടം നിര്‍മ്മിച്ചത്. പുതിയ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പഴയ കെട്ടിടങ്ങളുടെ ആസ്ബറ്റോസ് ഷീറ്റുകള്‍ മാറ്റിയിടുന്നതിനും ഗ്രില്ലുകള്‍ സ്ഥാപിക്കുന്നതിനും മറ്റുമായിട്ടാണ് മേജര്‍ റിപ്പയര്‍ ഫണ്ട് അനുവദിച്ചത്. ഇത് പ്രകാരം പഴയ എസി ഷീറ്റുകള്‍ നഗരസഭാ പൊതുമരാമത്ത് വിഭാഗം ലേലം ചെയ്തു വില്‍ക്കുകയാണ് പതിവ്. ഇതിനു വിപരീതമായി മേല്‍ക്കൂര മേജര്‍ റിപ്പയറിന് കരാറെടുത്തവര്‍ക്കു തന്നെ പഴയ ഷീറ്റുകള്‍ മറിച്ചുനല്‍കിയെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആരോപിക്കുന്നത്. നഗരസഭാ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ലേലം ചെയ്യേണ്ട കെട്ടിട സാമഗ്രികള്‍ മറിച്ചുവില്‍ക്കപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി നെടുവ ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. അതേ സമയം മേജര്‍ റിപ്പയര്‍ ഏറ്റെടുത്ത കരാറുകാര്‍ക്ക് തന്നെ പഴയ ഷീറ്റ് നീക്കം ചെയ്യാനുള്ള പ്രവൃത്തി കൂടി നല്‍കിയത് വിദഗ്ദ തൊഴിലാളികളെ ലഭിക്കാത്തതിനാലാണെന്ന് പിടിഎ ഭാരവാഹികള്‍ പറയുന്നു. പുതിയ കരാര്‍ പ്രവൃത്തി തുടങ്ങുന്നതിന് പഴയ ഷീറ്റുകള്‍ സുരക്ഷിതമായി നീക്കം ചേയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കെട്ടിടത്തിന്റെ ട്രസ് വര്‍ക്കുകള്‍ നടത്തിയ ഇരുമ്പു പൈപ്പുകളും മറ്റും ഇനി ലേലം ചെയ്യാനുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.