ബാലരാമപുരം: തിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച. ബാലരാമപുരത്തെ ജൂവലറിയില്‍ നിന്നും മൂന്നു കിലോ സ്വര്‍ണ്ണം കവര്‍ന്നു. ബാലരാമപുരം പോലീസ് സ്റ്റേഷന് നേരെ എതിര്‍വശത്തുള്ള സോണ ജൂവലറിയിലാണ് കവര്‍ച്ച നടന്നത്.
ഇന്ന് രാവിലെ ഉടമയും ജീവനക്കാരും ജൂവലറി തുറന്നപ്പോഴായിരുന്നു മോഷണവിവരം മനസിലാകുന്നത്. ജൂവലറിയുടെ പുറകുവശം ഗവ.ബോയ്സ് ഹൈസ്കൂളിന്റെ വളപ്പാണ്. ഇതുവഴിയാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് സംശയിക്കുന്നു. ജൂവലറിയുടെ പുറകുവശത്തുള്ള ചുമര് തുരന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ജൂവലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
ബാലരാമപുരം സ്വദേശികളായ അയൂബ് ഖാന്, ബാബുജാന് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ജൂവലറി. ഡിസ്പളേ ബോര്‍ഡിലെ സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന ബോര്‍ഡുകള്‍ സ്വര്‍ണാഭരണങ്ങള്‍ മാറ്റിയ ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം മൂന്നു കിലോ സ്വര്‍ണം നഷ്ടമായെന്നാണ് സംശയം.
കണക്കെടുപ്പിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് നെയ്യാറ്റിന്‍കര ഡിവൈ. എസ്. പി ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: