ഭരണസ്തംഭനത്തിന് ഉത്തരവാദി മുഖ്യമന്ത്രി : എം.ടി രമേശ്

Thursday 12 January 2017 10:13 am IST

കൊല്ലം: ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഇതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും രണ്ട് തട്ടിലാകുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. അഴിമതി ആരോപണ വിധേയനായ വിജിലന്‍സ് ഡയറക്ടറെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തന്നെ കവചം തീര്‍ക്കുകയാണ്. അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. കൊല്ലം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് മാസം കൊണ്ട് 10 കോടിയുടെ അഴിമതി നടത്തിയ മേഴ്‌സിക്കുട്ടിയമ്മയെ സിപിഎം കേന്ദ്ര നേതൃത്വം സംരക്ഷിക്കുന്നതില്‍ ദുരൂഹതയുണ്ട്. സ്വജനപക്ഷപാതം നടത്തിയ ഇ.പി. ജയരാജന്റെ നടപടിയിലും ഗൗരവമുള്ളതാണ് മേഴ്‌സിക്കുട്ടിയമ്മയുടെ അഴിമതി. പൊതുഖജനാവിന് നഷ്ടമുണ്ടാക്കി സമ്പാദിച്ച 10 കോടിയില്‍ നിന്ന് കേന്ദ്രനേതൃത്വത്തിനും പങ്ക് കിട്ടിയതായി സംശയിക്കേണ്ടതുണ്ട്. അതു കൊണ്ടാണ് അഴിമതിക്കാരിയെ സംരക്ഷിക്കുന്നത്. സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് വ്യക്തമായിരിക്കെ കേന്ദ്രത്തിനെതിരെ സമരത്തിനൊരുങ്ങുന്ന നടപടി വിചിത്രമാണ്. സിപിഎം സമരം നടത്തേണ്ടത് സെക്രട്ടറിയേറ്റിന് മുന്നിലാണ്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാനാകാത്ത പിടിപ്പുകേട് മറയ്ക്കാനാണ് പിണറായിയുടെ ശ്രമം. ഇത് ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചക്ക് അനുസരിച്ച് പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കാത്തത് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഫലമായിട്ടായിരുന്നു. ഇത്രയും നാള്‍ തുടര്‍ന്ന ഈ സംവിധാനത്തെ പൊളിച്ചെഴുതാന്‍ കറന്‍സിനിരോധനവും തുടര്‍പ്രവര്‍ത്തനവും സഹായിക്കും. സാമ്പത്തികരംഗത്ത് താല്‍ക്കാലികമായ ഇടിവുണ്ടാകുമെങ്കിലും ആത്യന്തികമായി രാജ്യത്തിന് ഗുണകരമായി ഭവിക്കുന്ന പരിഷ്‌കരണമാണ് മോദിസര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. സാമ്പത്തികസ്വാശ്രയത്വം ജനങ്ങളിലേക്ക് എന്നതാണ് ലക്ഷ്യമെന്നും എം.ടി.രമേശ് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ ജി.ഗോപിനാഥ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.