സഹാറ ഡയറി വിശ്വാസയോഗ്യമല്ല; ഹര്‍ജി തളളി

Wednesday 11 January 2017 11:37 pm IST

ന്യൂദല്‍ഹി: സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് നരേന്ദ്ര മോദി കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ മാത്രം വിശ്വാസയോഗ്യമല്ല കോടതിയില്‍ ഹാജരാക്കിയ തെളിവുകളെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരികയും ജനാധിപത്യം അപകടത്തിലാവുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. മോദിക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തിയ കോണ്‍ഗ്രസ്സിനും ആം ആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ മോദി 65 കോടി രൂപ വാങ്ങിയെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് ആദ്യം ആരോപിച്ചത്. സഹാറയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയില്‍ പണം നല്‍കിയ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മോദിയുടെ പേരുണ്ടെന്നും ഭൂഷണ്‍ പറഞ്ഞിരുന്നു. കഴിഞ്ഞ നവംബര്‍ 14ന് ഡയറി വിശ്വാസ്യയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ആവശ്യം സുപ്രീംകോടതി നിരസിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലും ആപ്പ് നേതാവ് കെജ്‌രിവാളും ഇതേ ആരോപണം വീണ്ടും ഉന്നയിച്ചു. കോടതി നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയാണ് ഇത്തവണ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി ഇത് തെളിവായി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ഗൂഢലക്ഷ്യത്തിന് നിയമസംവിധാനം ദുരുപയോഗം ചെയ്യലാകുമെന്നും വ്യക്തമാക്കി. ഇത്തരം രേഖകള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആര്‍ക്കും കൃത്രിമമായി നിര്‍മ്മിക്കാനാകും. പേന, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക്, കമ്പ്യൂട്ടര്‍ പ്രിന്റൗട്ട് എന്നിവ തെളിവുകളായി കണക്കാക്കാനാകില്ലെന്ന് ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് ബുക്കിലല്ലാതെ പേപ്പറില്‍ എഴുതിയത് തെളിവായി പരിഗണിക്കാനാകില്ല. മതിയായ തെളിവില്ലാതെ അന്വേഷണത്തിന് ഉത്തരവിടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. കോടതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പണം വാങ്ങിയതിന് തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചു. ഇത്തരം കാര്യങ്ങള്‍ തെളിവായി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടാല്‍ രാജ്യത്ത് ഒരാളും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് മണിക്കൂറിലേറെ സമയമെടുത്താണ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയത്. ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു ഉദ്യോഗസ്ഥനെ കുടുക്കാന്‍ വ്യാജ രേഖയുണ്ടാക്കിയെന്നാണ് സഹാറയുടെ വിശദീകരണം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.