ശബരിമല: ബ്രാഹ്മിണ്‍ ഫെഡറേഷന്‍ കക്ഷിചേരും

Wednesday 11 January 2017 7:55 pm IST

ആലപ്പുഴ: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷിചേരാന്‍ ഓള്‍ കേരള ബ്രാഹ്മിണ്‍ ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. പ്രതിഷ്ഠയല്ല, പ്രതിഷ്ഠാസമയത്തെ ഭാവമാണ് ആചാരങ്ങള്‍ നിശ്ചയിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ആചാരാനുഷ്ഠാനങ്ങള്‍ വിശ്വാസികളുടെ മാത്രം അവകാശമാണെന്നും അവിശ്വാസികള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും അതിലിടപെടാന്‍ അവകാശമില്ലെന്നും യോഗം വിലയിരുത്തി. ഓള്‍ ഇന്ത്യാ ബ്രാഹ്മിണ്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. പ്രദീപ് ജ്യോതി ഉദ്ഘാടനം ചെയ്തു. നമുക്ക് ജാതിയില്ല വിളംബരത്തെ യോഗം സ്വാഗതം ചെയ്തു. ജാതി അടിസ്ഥാനത്തിലുള്ള സംവരണങ്ങളും ആനുകൂല്യങ്ങളും നിര്‍ത്താലാക്കിയാല്‍ മാത്രമേ വിളംബരം യാഥാര്‍ത്ഥ്യമാവൂ. മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സിന്‍ഹൂ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫെബ്രുവരി 25, 26 തീയതികളില്‍ കാലടിയില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ ബ്രാഹ്മിണ്‍ ഫെഡറേന്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിജയിപ്പിക്കാന്‍ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഫെഡറേഷന്‍ ഭാരവാഹികളായി വി. രാമലിംഗം (ചെയര്‍മാന്‍), എസ്. സുബ്രഹ്മണ്യന്‍ മൂസത് (സെക്രട്ടറി ജനറല്‍), ഡോ. ജി. നാഗേന്ദ്രപ്രഭു (ട്രഷറര്‍), സി.എ. രാജന്‍ എന്‍. ഉണ്ണി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.