സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയ കെട്ടിടം തിരിച്ചുപിടിക്കുന്നു

Wednesday 11 January 2017 8:00 pm IST

ശബരിമല: സന്നിധാനത്തെ എന്‍ജിനീയറിങ് പില്‍ഗ്രിം ഷെല്‍ട്ടര്‍ സ്വകാര്യ സംരംഭകരില്‍ നിന്നു തിരിച്ചുപിടിക്കാന്‍ പൊതുമരാമത്ത് വിഭാഗം ശ്രമം തുടങ്ങി. വലിയ നടപ്പന്തലിന് സമീപമുള്ള കെട്ടിടം 1964-ല്‍ ശബരിമലയില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കെത്തിയ എന്‍ജിനീയര്‍മാര്‍ക്ക് വിശ്രമിക്കാന്‍ നിര്‍മ്മിച്ചതാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷവും കൈവശം വച്ചിരുന്ന കെട്ടിടം പിന്നീട് വ്യാജരേഖ ചമച്ച് ഇവരുടെ ബന്ധുക്കള്‍ സ്വന്തമാക്കി. ഇതു സംബന്ധിച്ച് കേസുമുണ്ട്. റിസര്‍വ് വനത്തില്‍പ്പെട്ട ശബരിമലയില്‍ വനംവകുപ്പിനും ദേവസ്വം ബോര്‍ഡിനും മാത്രമാണ് സ്ഥലം സ്വന്തമായുള്ളത്. തീര്‍ഥാടനകാലത്തും മാസപൂജകള്‍ക്കും നടതുറക്കുന്ന അവസരങ്ങളിലും കെട്ടിടം വാടകയ്ക്ക് നല്‍കി വന്‍തുകയാണ് ഇവര്‍ ഈടാക്കുന്നത്. ഇതുകൂടാതെ നാടന്‍ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട, കോഴഞ്ചേരി സ്വദേശിയാണ് വര്‍ഷങ്ങളായി ഭക്ഷണശാല നടത്തുന്നത്. 2013-ല്‍ സര്‍ക്കാര്‍ അതിഥി മന്ദിരമില്ലാത്ത ശബരിമലയില്‍ രാജു എബ്രഹാം എംഎല്‍എ കെട്ടിടം പുനര്‍നിര്‍മാണത്തിനായി തുക അനുവദിച്ചു. നിര്‍മാണപ്രവൃത്തി സംബന്ധിച്ച് അന്വേഷണം ഉണ്ടായപ്പോഴാണ് കെട്ടിടം അനധികൃതമായി കൈവശം വയ്ക്കുന്നതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് എംഎല്‍എ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കി. അതീവ സുരക്ഷാമേഖലയായ ശബരിമലയില്‍ സ്വകാര്യവ്യക്തികള്‍ കൈവശം വച്ച കെട്ടിടം താഴിട്ട് പൂട്ടി. പൂട്ട് തകര്‍ത്ത് ഇവര്‍ വീണ്ടും കെട്ടിടം കൈയേറിയതാണ് കേസ് ഹൈക്കോടതിയില്‍ എത്താന്‍ കാരണമായത്. നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് കെട്ടിടം ഏറ്റെടുത്ത് തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.