കേന്ദ്രത്തിന്റെ ജലഗ്രാമ പദ്ധതിയോട് കേരളത്തിന് തണുപ്പന്‍ സമീപനം

Wednesday 11 January 2017 8:05 pm IST

കൊച്ചി: ജല സംരക്ഷണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജലഗ്രാമ പദ്ധതിയോട് സംസ്ഥാന സര്‍ക്കാരിന് വിമുഖത. കൂടുതല്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി, പദ്ധതി മാനദണ്ഡം പുതുക്കി, വീണ്ടും കേന്ദ്രം പദ്ധതി അവതരിപ്പിച്ചിട്ടും വേണ്ടത്ര ശുഷ്‌കാന്തി സംസ്ഥാനം കാണിക്കുന്നില്ല. ജലവിഭവ മന്ത്രാലയത്തിന്റെ ജലക്രാന്തി അഭിയാന്റെ ഭാഗമാണ് ജലഗ്രാമ പദ്ധതി. പഞ്ചായത്തുകളിലെ ജല സ്രോതസുകളുടെ സംരക്ഷണവും പോഷണവും ജല വിതരണവുമാണ് പദ്ധതി. ജില്ലയില്‍ ഒരു പഞ്ചായത്തില്‍ വീതം നടപ്പാക്കാന്‍ 2015 ലാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരു റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കിയില്ല. കേന്ദ്ര സര്‍ക്കാര്‍ വിവിധ വകുപ്പുകളിലും ഇനങ്ങളിലും പെടുത്തി സംസ്ഥാനത്തു നല്‍കുന്ന ധനസഹായങ്ങള്‍ ഏകോപിപ്പിച്ച് റിപ്പോര്‍ട്ടു നല്‍കിയാല്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാമെന്നായിരുന്നു വ്യവസ്ഥ. ഗ്രാമ പഞ്ചായത്തുമുതല്‍ ആസൂത്രണം നടത്തി, സംസ്ഥാന ജലവിഭവ വകുപ്പ് അംഗീകരിച്ച് കേന്ദ്ര മന്ത്രാലയത്തിന് റിപ്പോര്‍ട്ടു നല്‍കണം. സംസ്ഥാനത്ത് ഇതിന്റെ പ്രവര്‍ത്തനമൊന്നും ഒരുവര്‍ഷമായി നടന്നില്ല. കൊടും വരള്‍ച്ചയിലേക്ക് പോകുമ്പോഴും, സുപ്രധാന പദ്ധതിയോടുള്ള കേരളത്തിന്റെ നിസ്സഹകരണം തുടര്‍ന്നിട്ടും പദ്ധതി മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി, ഒപ്പം ജില്ലയില്‍ രണ്ടു ഗ്രാമങ്ങളില്‍ വീതം നടപ്പാക്കാനും നിശ്ചയിച്ചു. ഇതിന് ഫണ്ട് കേന്ദ്രം നല്‍കാനും തീരുമാനിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കി, ജില്ലാ പഞ്ചായത്ത് അംഗീകരിച്ച്, സംസ്ഥാന ജലവിഭവവകുപ്പ് അംഗീകരിച്ചുവേണം കേന്ദ്രത്തിനയക്കാന്‍. പുതിയ മാനദണ്ഡപ്രകാരം, ഇനിയും രണ്ടു ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി മാത്രമാണ് തയ്യാറായത്; കാരോട് (തിരുവനന്തപുരം), നാറാത്ത് (കണ്ണൂര്‍) പഞ്ചായത്തുകളുടെ. ഇവ രണ്ടു കോടി രൂപയോളം ചെലവു വരുന്നതാണ്; ജല വിതരണത്തിന് ടാങ്കു നിര്‍മ്മിക്കാനും പൈപ്പു സ്ഥാപിക്കാനും മറ്റുമാണ് പദ്ധതി. മുഖ്യമായും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും റീചാര്‍ജ്ജ് ചെയ്യാനുമാണ് ജലഗ്രാമ പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് കേരള ഡയറക്ടര്‍ വി. കുഞ്ഞമ്പു പറഞ്ഞു. ആലപ്പുഴയില്‍ കുട്ടനാട്ടിലെ ചമ്പക്കുളം, വെളിയനാട് പഞ്ചായത്തുകളിലാണ്. ഇവിടെ ലഭ്യമാകുന്ന ജലത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനുള്ള പദ്ധതിക്കായിരിക്കും മുന്‍തൂക്കം ലഭിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.