ജനസഹസ്രങ്ങള്‍ പേട്ടതുള്ളി നിര്‍വൃതിനേടി

Wednesday 11 January 2017 8:19 pm IST

എരുമേലി: ശരണമന്ത്രങ്ങളുടെ പുണ്യഭൂമിയില്‍ അയ്യപ്പസ്വാമിയുടെ അവതാരലക്ഷ്യം പൂര്‍ത്തീകരിച്ച ചരിത്ര പ്രസിദ്ധമായ എരുമേലിയില്‍ ജനസഹസ്രങ്ങള്‍ പേട്ടതുളളി നിര്‍വൃതി നേടി. അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ ദിവ്യചൈതന്യം ആവാഹിച്ചെത്തിയ കൃഷ്ണപ്പരുന്ത് സര്‍വ്വ സിദ്ധിവിനാക ക്ഷേത്രത്തിന് മുകളില്‍ക്കൂടി പറന്ന് കൊച്ചമ്പലത്തിന് മുകളില്‍ നിറഞ്ഞ സാന്നിദ്ധ്യം അരുളി നീലാകാശത്തില്‍ വട്ടമിട്ടു പറന്നതോടെയാണ് പേട്ടതുള്ളലിന് തുടക്കമായത്. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, ഭക്തജനസംഘം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ പേട്ട കൊച്ചമ്പലത്തില്‍ നിന്നും ഉച്ചയ്ക്ക് 12.40 നാണ് ആരംഭിച്ചത്. വാദ്യഘോഷങ്ങള്‍ മുഴക്കി വീഥി നിറഞ്ഞ് വലിയമ്പലത്തിലേക്ക് നീങ്ങിയ പേട്ടസംഘത്തെ ആബാലവൃദ്ധം അയ്യപ്പഭക്തര്‍ അനുഗമിച്ചു. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടകെട്ട് കഴിഞ്ഞ് ആലങ്ങാട് സംഘത്തിന്റെ പേട്ടകെട്ട് നടന്നു. ശുഭ്രവസ്ത്രധാരികളായി ചന്ദനക്കുറി തൊട്ട് ഐശ്വര്യത്തിന്റെ സന്ദേശം നല്‍കിയാണ് പിതൃസ്ഥാനീയരായ ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ നടന്നത്. ഉച്ചകഴിഞ്ഞ് 3.10ന് നീലാകാശത്ത് നക്ഷത്രം ദര്‍ശിച്ചതോടെ ഇവരുടെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്നും ആരംഭിച്ചു. പേട്ടതുള്ളുന്നതിലെ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമ്പാടത്ത് മാളികയില്‍ എ.കെ. വിജയകുമാര്‍, യോഗം പ്രതിനിധികളായ എം.എന്‍ രാജപ്പന്‍ നായര്‍, പുറയാറ്റികളരിയില്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണ എരുമേലിയില്‍ പേട്ടതുള്ളിയത്. പേട്ട കൊച്ചമ്പലത്തില്‍ വച്ച് പേട്ടസംഘങ്ങള്‍ക്ക് മേല്‍ശാന്തി കെ.എന്‍. ബാലകൃഷ്ണ ശര്‍മ്മ പ്രസാദം നല്‍കി. ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തിലെത്തിയ സംഘങ്ങളെ ദേവസ്വം ബോര്‍ഡംഗം കെ.രാഘവന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പത്മകുമാര്‍, അസി. കമ്മീഷണര്‍ കെ.എ. രാധിക ദേവി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എന്‍ ശ്രീകുമാര്‍, മരാമത്ത് എ.എക്‌സി. എ അജിത് കുമാര്‍, ജമാ അത്ത് പ്രസിഡന്റ് പി.എ. ഇര്‍ഷാദ്, സെക്രട്ടറി. സി. യു അബ്ദുള്‍ കരീം, വാവരുടെ പ്രതിനിധിയായി അനുഗമിച്ച എം.എം. യൂസഫ് വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ വകുപ്പുകളും സ്വീകരിച്ചു.