നിര്‍ഭയകളുടെ നാടിന് മോചനമെന്ന്?

Wednesday 11 January 2017 9:35 pm IST

നിര്‍ഭയ സങ്കല്‍പ്പം ഇന്ത്യയിലാണ് ഉരുത്തിരിഞ്ഞത്; നിര്‍ഭയ എന്ന പേരും. രാത്രി സഹപാഠിയോടൊത്ത് ബസ്സില്‍ കയറിയ പെണ്‍കുട്ടിയെ ബസ് ജോലിക്കാര്‍ ക്രൂരമായി ലൈംഗിക പീഡനം നടത്തി റോഡിലേക്ക് വലിച്ചെറിഞ്ഞ് മരണത്തെ പുല്‍കി. ഇവളാണ് നിര്‍ഭയയായി മാറിയത്; ലോകത്തിലെ ആദ്യത്തെ നിര്‍ഭയ. അവസാനത്തേതുമാകട്ടെ എന്ന പ്രാര്‍ത്ഥന വിഫലമാകുന്നത് ഇന്ന് നിര്‍ഭയകള്‍ കേരളത്തിലും ഇന്ത്യയിലും പെരുകുന്നതിനാലാണ്. കേരളത്തില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്-മികച്ച അനുപാതം. പക്ഷെ കൂടുതല്‍ സ്ത്രീകളെ ലൈംഗിക ഉപയോഗത്തിന് കിട്ടുമല്ലോ എന്ന സന്ദേശമാണ് ചില പുരുഷന്മാര്‍ക്ക്. ജിഷ എന്ന പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. വര്‍ക്കലയിലെ ദളിത് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് അവളുടെ കാമുകനും കൂട്ടുകാരുമാണ്. കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം കൂടുമ്പോള്‍ 'നിര്‍ഭയ'കളുടെ സ്വന്തം നാടായി മാറുന്നു. ദേശീയ കുറ്റാന്വേഷണ ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നടക്കുന്നത് 63 ശതമാനം സ്ത്രീപീഡനമാണ്. ദേശീയ ശരാശരിയായ 56.3 ശതമാനത്തില്‍ കൂടുതല്‍. 2015 ല്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്തത് 1263 ബലാത്സംഗക്കേസുകളാണ്. 2011 ല്‍ ഇത് 1132 ആയിരുന്നു. ഒരു സ്ത്രീയോ പെണ്‍കുട്ടിയോ ബലാത്സംഗത്തിനിരയായാല്‍ സമൂഹം അവരെ കുറ്റവാളിയാക്കുന്നതിനാല്‍ ബലാത്സംഗക്കേസുകള്‍ എല്ലാം പോലീസ് സ്റ്റേഷനിലോ കോടതിയിലോ എത്താറില്ല. പുറത്തുസഞ്ചരിക്കുന്ന സ്ത്രീകളെ കമന്റടിക്കാനും പരിഹസിക്കാനും ലൈംഗികാതിക്രമം നടത്താനും വെമ്പുന്ന പുരുഷന്മാര്‍ കേരളത്തിലേറെയാണ്. ഗോവിന്ദച്ചാമി ഓടുന്ന ട്രെയനില്‍ വച്ച് സൗമ്യയെ പിടിച്ചുതള്ളി പുറത്തിട്ട് മാനഭംഗപ്പെടുത്തി കൊന്നിട്ടും അയാളെ പിന്തുണയ്ക്കാനാണ് ഒരുവിഭാഗം വെമ്പുന്നത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി. ഭാരത സ്ത്രീകളെ പുരാണേതിഹാസങ്ങളില്‍ വാനോളം പുകഴ്ത്തിയിട്ടുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യമെന്താണ്? കേരളത്തിലെ ശരാശരി സ്ത്രീപീഡനങ്ങളുടെയെണ്ണം ലക്ഷത്തില്‍ 63ശതമാനമാണ്. തമിഴ്‌നാട്ടില്‍ 18.3 ശതമാനം. തമിഴില്‍ സ്ത്രീകളെ അമ്മ എന്നാണല്ലൊ സംബോധന ചെയ്യുന്നത്. ജയലളിത തമിഴര്‍ക്ക് അമ്മയായിരുന്നെങ്കില്‍ തോഴി ശശികല ചിന്നമ്മയാണ്. കേരളത്തെപ്പറ്റി നമ്മള്‍ കൊട്ടിഘോഷിക്കുന്നത് ഇവിടെ കൂടുതല്‍ സാക്ഷരതയുണ്ടെന്നും 1000 പുരുഷന്മാര്‍ക്ക് 966 സ്ത്രീകളുണ്ടെന്നും ഇവരില്‍ 92 ശതമാനം സാക്ഷരരാണെന്നും മറ്റുമാണ്. പക്ഷെ കേരളത്തിലാണ് ഏറ്റവുമധികം വിവാഹമോചന കേസുകള്‍ നടക്കുന്നത്. 2015 ല്‍ 50,000-ലേറെ കേസുകള്‍ കുടുംബക്കോടതിയില്‍ തീര്‍പ്പാക്കിയത്രെ. ഇന്ത്യയുടെ മൂന്ന് ശതമാനം ജനസംഖ്യയാണ് കേരളത്തില്‍. പക്ഷെ യുപിയേക്കാള്‍ അധികം വിവാഹമോചന കേസുകള്‍ ഇവിടെയുണ്ട്. കേരളത്തില്‍ 28 കുടുംബ കോടതികളിലായി 43914 കേസുകള്‍ ആയിരുന്നു 2013 ല്‍. ഇത് 2014 ല്‍ 53564 ആയി. 2015 ല്‍ 51258. അതായത് ഓരോ മണിക്കൂറിലും അഞ്ച് വിവാഹമോചനങ്ങള്‍. കേരളത്തില്‍ എവിടെയാണ് മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്? കേരളത്തിന്റെ ഒരു പ്രധാന വരുമാനസ്രോതസ്സ് വിദേശസഞ്ചാരികളുടെ വരവാണ്. ഇപ്പോള്‍ മലയാളി പുരുഷന്മാര്‍ വിദേശി സ്ത്രീകളെയും ആക്രമിക്കുന്നു. ഏറ്റവുമൊടുവില്‍ ഒരു ഇസ്രായേലി സ്ത്രീയാണ് ആക്രമണവിധേയയായത്. കേരളത്തിലെ ഈ ലൈംഗിക ഉന്മാദത്തിന് ഒരു കാരണം ഇന്റര്‍നെറ്റുപയോഗവും ദൃശ്യമാധ്യമങ്ങളുമാണ്. ഒരു പീഡനകഥ കേട്ടാല്‍ അത് നമുക്കും ആകാമല്ലോ എന്നാണ് കേരളത്തിലെ പുരുഷന്മാര്‍ വിചാരിക്കുന്നത്. പണ്ട് ആത്മഹത്യ ചെയ്തിരുന്നവരുടെ പടം പത്രത്തില്‍ വരുമായിരുന്നു. ആത്മഹത്യാ പ്രവണതയുള്ളവര്‍ ഇത്തരം വാര്‍ത്തകള്‍ കണ്ടാല്‍ കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ബ്രിട്ടീഷ് പത്രങ്ങളില്‍ ആത്മഹത്യാ വാര്‍ത്തകള്‍ ഒരിക്കലും ഒന്നാം പേജില്‍ കൊടുക്കരുതെന്ന് നിയമമുണ്ട്. ദല്‍ഹിയിലെ നിര്‍ഭയ സിങ്കപ്പൂരില്‍ കൊണ്ടുപോയി ചികിത്സിച്ചിട്ടും മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്ന് ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് പറഞ്ഞത് പെണ്‍കുട്ടികള്‍ ആറുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങരുത് എന്നാണല്ലോ? അപ്പോള്‍ സ്ത്രീക്ക് എന്ത് സ്വാതന്ത്ര്യം? സമൂഹത്തിലെ സ്ത്രീകളോടുള്ള കാഴ്ചപ്പാട് മാറി പെണ്‍കുട്ടികളെന്നോ യുവതികളെന്നോ വൃദ്ധകളെന്നോ വ്യത്യാസമില്ലാതെയാണ് പീഡനം നടക്കുന്നത്. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ലൈംഗിക വൈകൃതങ്ങളിലേക്ക് നയിക്കുന്നു. ഇന്റര്‍നെറ്റിലെ നിരവധി രതിവൈകൃത സൈറ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നെങ്കിലും കാര്യമായ ഫലം ഉണ്ടായിട്ടില്ല. കഞ്ചാവ്-ലഹരി മാഫിയ സമൂഹത്തില്‍ പടരുകയാണ്. ഇന്ന് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അത് അവളുടെ പാശ്ചാത്യ വസ്ത്രധാരണ രീതിയാണെന്നും കുറ്റപ്പെടുത്താനാളുണ്ട്. പണ്ട് അമ്പലങ്ങളില്‍ കുളിച്ച് ഈറന്‍ വസ്ത്രത്തോടെ ദേവനെ തൊഴുതിരുന്ന സ്ത്രീകളാരും ബലാത്സംഗത്തിനിരയായിട്ടില്ല എന്നോര്‍ക്കുക. നിര്‍ഭയ ദിനാചരണം ഡിസംബര്‍ 29 ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുകയുണ്ടായി. സംസ്ഥാനത്ത് 11 നിര്‍ഭയ ഷെല്‍ട്ടര്‍ഹോമുകളുണ്ട്. അവിടെ നിര്‍ഭയമായ ഒത്തുചേരലിന് തുടക്കം കുറിച്ചിരിക്കുകയാണ്. 300 ഓളം കുട്ടികളും സ്റ്റാഫ് അംഗങ്ങളും എന്‍ജിഒ പ്രതിനിധികളുമുള്ള ഒത്തുചേരലില്‍ എറണാകുളത്തെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം നടത്തുന്ന ബീന സെബാസ്റ്റ്യനും പങ്കുചേര്‍ന്നിരുന്നു. 2016 ല്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയിച്ചത് 40 കുട്ടികളാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന പീഡനങ്ങളെ അതിജീവിച്ച ഇവര്‍ തങ്ങള്‍ക്കും നിര്‍ഭയമായും സ്വതന്ത്രമായും വസിക്കുന്നതിനുള്ള ഇടമാണിതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി. നിര്‍ഭയ പദ്ധതിക്ക് എല്ലാ സഹായവും മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം ചെയ്തത് സന്തോഷകരം തന്നെ. പക്ഷെ സഹായമല്ല, നിര്‍ഭയകളെ സൃഷ്ടിക്കാതിരിക്കാനുള്ള സാമൂഹിക-കുടുംബാന്തരീക്ഷമുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാരും എന്‍ജിഒകളും പ്രവര്‍ത്തിക്കേണ്ടത്. സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി 'നിര്‍ഭയ'കള്‍ ആര്‍ജിക്കേണ്ട ധൈര്യവും പ്രതിരോധശേഷിയും പഠിപ്പിക്കാനും സംവിധാനം ഉണ്ടാകണം.