പട്രോളിങിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം

Wednesday 11 January 2017 9:59 pm IST

ഗാന്ധിനഗര്‍: രാത്രി പട്രോളിങിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജു, സീനിയര്‍ സിപിഒ ജോണ്‍, സിപിഒ ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് 500മീറ്റര്‍ മാറി ചെമ്മനംപടി ഭാഗത്തുവച്ചാണ് അക്രമികള്‍ ഇവര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. പതിവ് പട്രോളിങിനിടെ ചെമ്മനംപടി ഭാഗത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കാല്‍നടയായി പോവുകയായിരുന്ന രണ്ട് യുവാക്കളെക്കണ്ട് വാഹനം നിര്‍ത്തി ചോദ്യം ചെയ്തു. അസമയത്ത് നടന്നു പോകുന്നതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അക്രമികള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേരെ കുരുമുളക് സ്‌പ്രേഅടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കണ്ണുകളില്‍ കുരുമുളക് സ്‌പ്രേ വീണതിനെതുടര്‍ന്ന് കണ്ണ് തുറക്കാനാകാതെ വന്നതിനിടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസെത്തി പരിസരം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മോഷണ ലക്ഷ്യത്തോടെയായിരിക്കാം ആക്രമികള്‍ കുരുമുളക് സ്‌പ്രേയുമായി സഞ്ചരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. ആശുപത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ണുകള്‍ കഴുകി പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. ഡിവൈഎസ്പി സംഭവ സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.