മുന്‍ ഡിജിപിക്ക് നോട്ടീസയയ്ക്കാന്‍ സോളാര്‍ കമ്മീഷന്‍

Wednesday 11 January 2017 10:09 pm IST

കൊച്ചി: മുന്‍ ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യത്തിന് നോട്ടീസയയ്ക്കാന്‍ സോളാര്‍ കമ്മീഷന്‍. എന്‍ക്വയറി നിയമത്തിലെ എട്ട് ബി വകുപ്പു പ്രകാരമുള്ള നോട്ടീസയയ്ക്കാനാണ് തീരുമാനം. കമ്മീഷനില്‍ ഏതെങ്കിലുമൊരു വ്യക്തിക്കെതിരെ പരമാര്‍ശമുണ്ടായാല്‍ അക്കാര്യം വിശദീകരിക്കാന്‍ വ്യക്തിക്ക് ഈ വകുപ്പനുസരിച്ച് അവസരം ലഭിക്കും. ടീം സോളാറുമായി ബന്ധപ്പെട്ട കേസുകള്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം അന്വേഷിക്കാനാണ് മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യം ഉത്തരവിട്ടത്. എന്നാല്‍ എഡിജിപി എ. ഹേമചന്ദ്രന്‍ മേല്‍നോട്ടച്ചുമതല മാത്രം തന്നില്‍ നിലനിര്‍ത്തി അന്വേഷണം ഡിവൈഎസ്പിമാരെ ഏല്‍പിച്ചു. ഇക്കാര്യം ബാലസുബ്രഹ്മണ്യം കമ്മീഷനില്‍ മുമ്പ് മൊഴി നല്‍കിയിരുന്നു. താന്‍ കേസ് നടപടികള്‍ തിരക്കുകയോ കേസ് ഡയറി പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എഡിജിപിയില്‍ വിശ്വാസമുള്ളതുകൊണ്ടാണിതെന്നും വ്യക്തമാക്കിയിരുന്നു. സോളാര്‍ കേസുകളുടെ അന്വേഷണം അട്ടിമറിച്ചതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം മുന്‍ ഡിജിപിക്കും പങ്കുണ്ടെന്നാണ് ലോയേഴ്‌സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം. മുന്‍ ഐജി കെ. പത്മകുമാറിനെതിരെ സരിത എസ് നായര്‍ ഗൗരവമുള്ള പരാതി ഡിജിപിക്ക് നല്‍കിയിട്ടും അന്വേഷിക്കാന്‍ ഏല്‍പിച്ചത് ഐജിയുടെ കീഴിലുള്ള ഉദ്യോഗസ്ഥനെയാണ്. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തുവെന്ന സരിതയുടെ പരാതിയില്‍ രണ്ട് വര്‍ഷമായി നടപടിയുണ്ടായിട്ടില്ല. പ്രത്യേകാന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരാകട്ടെ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.പി. തങ്കച്ചന്‍, കെ.എസ്. വാസുദേവ ശര്‍മ്മ എന്നിവരുടെ മണ്ഡലങ്ങളിലെ ക്രമസമാധാനച്ചുമതലയുള്ളവരായിരുന്നു. ഇവരെ അന്വേഷണസംഘത്തില്‍ നിയോഗിച്ചത് കേസ് അട്ടിമറിക്കാനാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.