ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

Wednesday 11 January 2017 10:13 pm IST

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി ഹരീഷ് റാവത്തും പാര്‍ട്ടി അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായയും തമ്മിലുള്ള ഭിന്നത കനക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കത്തില്‍ ഇരുവരും വെവ്വേറെ പട്ടികയുമായി രംഗത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് വിട്ടു. വര്‍ഷങ്ങളായി മുഖ്യമന്ത്രിയും അധ്യക്ഷനും രണ്ട് വഴിക്കാണ്. പതിനഞ്ച് സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചാണ് തര്‍ക്കം ആരംഭിച്ചത്. കോണ്‍ഗ്രസ്സിനൊപ്പമുള്ള പ്രോഗ്രസ്സീവ് ഡമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) ജയിച്ച സീറ്റും ഇതിലുള്‍പ്പെടും. ബിഎസ്പി, ഉത്തരാഖണ്ഡ് ക്രാന്തി ദള്‍(പി) എന്നീ സംഘടനകളും സ്വതന്ത്രരും ചേര്‍ന്ന മുന്നണിയാണ് പിഡിഎഫ്. ഇവരെ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റിലോ മറ്റേതെങ്കിലും ബാനറിലോ മത്സരിപ്പിക്കണമെന്ന് റാവത്ത് ആവശ്യപ്പെടുന്നു. എന്നാല്‍ സീറ്റ് മോഹികളുടെ തള്ളിക്കയറ്റമുള്ളതിനാല്‍ മുഴുവന്‍ സീറ്റിലും പാര്‍ട്ടി മത്സരിക്കണമെന്നാണ് അധ്യക്ഷന്റെ അഭിപ്രായം. രണ്ട് പട്ടികയില്‍ ഏത് അംഗീകരിച്ചാലും എതിര്‍ വിഭാഗം കാലുവാരുമെന്നാണ് അവസ്ഥ. മറ്റ് പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് വരുന്നവര്‍ക്കും സീറ്റ് നല്‍കണമെന്നാണ് റാവത്തിന്റെ നിലപാട്. 2012ല്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കാത്ത പലരെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കി ജയിപ്പിച്ചിരുന്നു. രണ്ട് സീറ്റിനാണ് അന്ന് ബിജെപി ഭരണം പിടിച്ചത്. ഇത് റാവത്ത് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ തഴയുന്നുവെന്ന് ഉപാധ്യായ ആരോപിക്കുന്നു. തര്‍ക്കം രൂക്ഷമായതോടെയാണ് ഇരുവരും സ്വന്തം പട്ടികയുമായി സമ്മര്‍ദ്ദത്തിനിറങ്ങിയത്. മുന്‍ കേന്ദ്രമന്ത്രി കുമാരി സെല്‍ജയുടെ അധ്യക്ഷതയില്‍ പരിഹാരത്തിന് മൂന്ന് തവണ യോഗം ചേര്‍ന്നെങ്കിലും കാര്യമുണ്ടായില്ല. ചില എംഎല്‍എമാര്‍ മണ്ഡലം മാറ്റി ആവശ്യപ്പെട്ടതും പ്രശ്‌നം വര്‍ദ്ധിപ്പിച്ചു. അഴിമതി ആരോപണങ്ങള്‍ക്ക് പുറമെ പാര്‍ട്ടിയിലെ ഭിന്നത വര്‍ദ്ധിച്ചതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. മുഖ്യമന്ത്രി റാവത്തിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. വിമത കോണ്‍ഗ്രസ് എംല്‍എമാര്‍ക്ക് റാവത്ത് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തിലാണ് അന്വേഷണം. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവരുടെ മണ്ഡലങ്ങളില്‍ പരിചയസമ്പന്നരല്ലാതെ രണ്ടാംനിര നേതാക്കളെ കോണ്‍ഗ്രസ്സിന് ഇറക്കേണ്ടി വരും. ഇതോടെയാണ് ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് മറ്റ് പാര്‍ട്ടികളിലുള്ളവരില്‍ റാവത്ത് പ്രതീക്ഷ അര്‍പ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.