പാര്‍ട്ടി പിളരില്ല: മുലായം

Wednesday 11 January 2017 10:26 pm IST

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശ്ശീല വീഴുന്നു. പാര്‍ട്ടി പിളരാന്‍ അനുവദിക്കില്ലെന്ന് മുലായം സിങ് യാദവ്. നമ്മള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുകയോ ചിഹ്നം മാറ്റുകയോ ചെയ്യില്ല. പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കി നിലനിര്‍ത്തും. ലക്‌നൗവില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോടായി മുലായം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകുന്നതിന് ദല്‍ഹിയിലേക്ക് തിരിക്കുന്നതിന് മുന്‍പാണ് മുലായം പ്രവര്‍ത്തകരോട് സംസാരിച്ചത്. പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുന്ന ഒന്നും ഒരാളും ചെയ്യരുതെന്ന് ഉറപ്പിക്കാനാണ് താന്‍ ദല്‍ഹിക്ക് പോകുന്നത്. നിരവധി പ്രതിസന്ധികള്‍ക്ക് ശേഷമാണ് പാര്‍ട്ടി രൂപീകരിച്ചത്. പ്രവര്‍ത്തകര്‍ ധൈര്യത്തോടെ പ്രശ്‌നങ്ങള്‍ മറികടന്നു. നിങ്ങളല്ലാതെ മറ്റൊന്നും എനിക്കില്ല. അടിയന്തരാവസ്ഥയില്‍ താന്‍ ജയിലില്‍ പോകുമ്പോള്‍ അഖിലേഷിന് രണ്ട് വയസ്സായിരുന്ന പ്രായം. വികാരഭരിതനായി മുലായം പറഞ്ഞു. സഹോദരന്‍ ശിവ്പാലിനെ പ്രശംസിച്ച മുലായം അഖിലേഷിനൊപ്പമുള്ള രാംഗോപാല്‍ യാദവിനെ വിമര്‍ശിച്ചു. ആരാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്ന് തനിക്കറിയാം. പാര്‍ട്ടി പിളരില്ലെന്നും ഒരുമിക്കുമെന്നും പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഭുരിഭാഗവും അഖിലേഷിനൊപ്പമായതിനാല്‍ പിളര്‍പ്പ് ഒഴിവാക്കാനാണ് മുലായത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുലായവും അഖിലേഷും കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവ്പാല്‍ യാദവ്, അമര്‍ സിങ്, രാംഗോപാല്‍ യാദവ് എന്നിവരെ ഒഴിവാക്കിയായിരുന്നു ചര്‍ച്ച. മകനുമായി പ്രശ്‌നങ്ങളില്ലെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ അഖിലേഷ് തന്നെയാകും മുഖ്യമന്ത്രിയെന്നും മുലായം പറഞ്ഞിരുന്നു. ഇരുവിഭാഗവും പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികളുടെ പിന്തുണ വ്യക്തമാക്കുന്ന സത്യവാങ്മൂലവും ഇരുവരും കമ്മീഷനില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നാളെ ഹിയറിങ്ങിന് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. രാജ്യസഭാംഗമായ അമര്‍ സിങ്ങിനെ പുറത്താക്കണമെന്നും ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് അഖിലേഷിന്റെ ആവശ്യം. രാംഗോപാലിനെ മുലായം ആറ് വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു. ഭൂരിപക്ഷമുള്ളതിനാല്‍ അഖിലേഷ് വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിളര്‍പ്പൊഴിവാക്കാന്‍ മുലായത്തിന്റെ നീക്കം എന്താകുമെന്നാണ് അറിയേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.