ഇന്ന് ഭാസ്‌കര്‍റാവുജി സ്മൃതി ദിനം; ആജീവനാന്ത സ്‌നേഹസ്പര്‍ശം

Wednesday 11 January 2017 10:38 pm IST

ഭാസ്‌കര്‍റാവുജി ഇഹലോകവാസംവെടിഞ്ഞ് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ദീര്‍ഘകാലം അദ്ദേഹത്തിന്റെ തണലില്‍ കഴിയാന്‍ വനവാസികല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തകനായതു കാരണം എനിക്ക് അവസരം സിദ്ധിച്ചിട്ടുണ്ട്. അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ച 1980 ല്‍ ഞാന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് സാധ്യമായത്. ഒരവധിക്കാലത്ത് അദ്ദേഹം തലശ്ശേരി താലൂക്കിലെ കൊളശ്ശേരി ആര്‍എസ്എസ് ശാഖയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിചേര്‍ന്നവരില്‍ ഞാനും ഉണ്ടായിരുന്നു. ആദ്യ കാഴ്ചയില്‍തന്നെ അദ്ദേഹത്തോട് വളരെ ആകര്‍ഷണം തോന്നി. അവിടെ കൂടിയിരുന്നവരുമായി സംസാരിക്കവെ അദ്ദേഹത്തിന്റെ ദൃഷ്ടി എന്നിലും പതിഞ്ഞു. ആ മഹാത്മാവിന്റെ സാന്നിധ്യവും ദിശാനിര്‍ദ്ദേശവും ദീര്‍ഘകാലം എനിക്കു ലഭിക്കുമെന്ന് ആ സമയത്ത് മനസിലാക്കാനുള്ള വിവേകം എനിക്കുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പരിരക്ഷണത്തില്‍ എന്റെ ജീവിതത്തിന്റെ ദിശ നിശ്ചയിക്കപ്പെടാന്‍ പോകുന്നുവെന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ എത്രമാത്രം കാന്തികശക്തിയുണ്ടെന്ന് ആദ്യകാഴ്ചയില്‍ തന്നെ ബോധ്യപ്പെടുകയുണ്ടായി. പരീക്ഷ കഴിഞ്ഞതോടെ അവധിക്കാലത്ത് എറണാകളം കാര്യാലയത്തില്‍ തത്‌സമയത്തെ ജില്ലാ പ്രചാരകനായിരുന്ന വി.എന്‍. ഗോപിയേട്ടനുമൊന്നിച്ച് പോയതായിരുന്നു. ആ സമയത്ത് അവിടെ പ്രചാരക ശിബിരം നടക്കുകയായിരുന്നു. ഒരു പ്രബന്ധകനായി അവിടെ കഴിയാനുള്ള അവസരംഎനിക്കും ലഭിച്ചു. ആ സമയത്ത് കേരളത്തില്‍ ഏതാണ്ട് 130 ഓളം പ്രചാരകന്മാരുണ്ടായിരുന്നു. ഇത്രയും വലിയ ശിബിരത്തില്‍ പ്രാന്തപ്രചാരകന്‍ എത്ര തിരക്കിലായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അനൗപചാരികമായ സംസാരശൈലി വെച്ചുപുലര്‍ത്തുന്ന ഭാസ്‌കര്‍റാവുജി അത്യന്തം തിരക്കിലായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരം അവസരത്തില്‍ മനസ്സില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും എങ്ങനെ സാധ്യമാകാനാണ് എന്ന് ഓര്‍ത്ത് ഞാനതിനു മുതിര്‍ന്നില്ല. അടുത്ത ദിവസം ഏല്‍പിച്ച കാര്യം നിര്‍വഹിച്ചതിനുശേഷം വിശ്രമിക്കാനായി ഞാന്‍ മുറിയിലെത്തി. തെല്ലൊന്ന് മയങ്ങിയപ്പോഴേക്കും ആരോ ഉണര്‍ത്തുന്നതായി അനുഭവപ്പെട്ടു. കണ്ണു തുറന്നപ്പോള്‍ മുന്നില്‍ ഭാസ്‌കര്‍റാവുജി. എന്നോട് സംസാരിക്കാനായി വന്നിരിക്കുന്നു. സമയം ഏതാണ്ട് 11 മണി 15 മിനിട്ടായിരുന്നു. എന്നോടൊപ്പം നിലത്ത് വിരിച്ച പായയില്‍ അദ്ദേഹം ഇരുന്നു. സംസാരമധ്യേ റിസള്‍ട്ട് വരുന്നതുവരെ വിസ്താരകനായി പ്രവര്‍ത്തിച്ചുകൂടെയെന്ന് ചോദിച്ചു. കോഴിക്കോട് ഭാഗത്തുള്ള അദ്ദേഹത്തിന്റെ യാത്രക്കിടയില്‍ വന്നു കാണാനായി ആവശ്യപ്പെട്ടു. വെറുമൊരു ശാഖയുടെ മുഖ്യശിക്ഷകനായി മാത്രം പ്രവര്‍ത്തിച്ചു പരിചയമുള്ള എന്നില്‍ അദ്ദേഹം ഇത്രയധികം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു എന്നറിഞ്ഞ് ഏറെ ആശ്ചര്യവും സന്തോഷവും തോന്നി. വീട്ടിലെത്തി അമ്മയോട് വിസ്താരകനാകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ ദേഷ്യപ്പെട്ടുവെന്ന് മാത്രമല്ല, തളര്‍ന്ന് കിടപ്പിലായി. അച്ഛന്റെ മരണശേഷം ഞങ്ങളെല്ലാ സഹോദരന്മാരും സംഘവുമായി സജീവ ബന്ധം വച്ചുപുലര്‍ത്തുന്നതിനെ മറ്റ് ബന്ധുക്കളെല്ലാം എതിര്‍ത്തിരുന്നു. കമ്യൂണിസ്റ്റുകാരുടെ അക്രമപ്രവര്‍ത്തനങ്ങള്‍ കാരണം സംഘവുമായി ബന്ധപ്പെടാന്‍ ആരും കൂട്ടാക്കിയിരുന്നില്ല. ബന്ധുക്കളെന്തു പറയുമെന്ന ചിന്തയായിരുന്നു അമ്മയെ അലട്ടിയിരുന്നത്. സംഘത്തില്‍ അമ്മക്ക് പൂര്‍ണമായ വിശ്വാസമുണ്ടായിരുന്നു. അവര്‍ വിലക്കിയിട്ടും ഞാന്‍ വിസ്താരകനാകാന്‍ കോഴിക്കോട് ഭാസ്‌കര്‍റാവുജിയെ കാണാനായി ചെന്നു. അദ്ദേഹത്തിന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ എന്ന ആശങ്കയായിരുന്നു എനിക്ക്. എന്നാല്‍ കോഴിക്കോട്ടെത്തിയപ്പോള്‍ അവിടെ എന്റെ വരവിനെക്കുറിച്ച് പ്രചാരകനോട് മുന്‍കൂറായി പറഞ്ഞുവച്ചിരുന്നുവെന്ന് മനസിലായി. ഭാസ്‌കര്‍റാവുജിക്ക് യാത്രചെയ്യാന്‍ തയ്യാറാക്കിയ കാറില്‍ അദ്ദേഹത്തോടൊപ്പം പിന്‍സീറ്റില്‍ എനിക്കും സ്ഥലം സംവരണം ചെയ്തിരിക്കുന്നത് കണ്ട് ഞാന്‍ അതിശയിച്ചു. ഓരോരോ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് പ്രവര്‍ത്തനത്തിലേര്‍പ്പെടുത്തുന്ന സംഘടനാ കൗശലത്തേക്കാള്‍ പിതൃവാത്‌സല്യം വെച്ചുപുലര്‍ത്തുന്ന ഒരു രക്ഷിതാവിനെ ഞാനദ്ദേഹത്തില്‍ ദര്‍ശിച്ചു. യാത്ര കഴിഞ്ഞ് തിരിച്ച് കോഴിക്കോട്ടെത്തിയപ്പോഴാണ് ആ യാത്രയുമായി എന്റെ നിയുക്തിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ മനസിലാക്കിയത്. അദ്ദേഹം കുറച്ചുസമയം എന്നെ കൂടെ നിര്‍ത്താന്‍ ആഗ്രഹിച്ചുവെന്നു മാത്രം. ആ സ്‌നേഹസ്പര്‍ശം എനിക്ക് ആജീവനാന്തം ലഭിക്കുകയുണ്ടായി എന്നത് ഭഗവാന്റെ കൃപയായിരുന്നില്ലേ എന്ന സത്യം വളരെ വിനയപുരസരം ഭാവഭരിതനായിക്കൊണ്ട് ഞാനോര്‍ക്കുകയാണ്. സംഘര്‍ഷം നിറഞ്ഞ തലശ്ശേരിയുമായി ഭാസ്‌കര്‍റാവുജിക്ക് വളരെ ഗഹനമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. 1984 വരെ ഇവിടെ 26 സ്വയംസേവകര്‍ ജീവന്‍ ബലിയര്‍പ്പിച്ചുകഴിഞ്ഞിരുന്നു. സ്വയംസേവകര്‍ക്കും അക്രമത്തെ അഭിമുഖീകരിക്കേണ്ടിവന്നു. അത്തരം സമയങ്ങളില്‍ സ്വയംസേവകരെ രക്ഷക്കായി അവര്‍ തങ്ങിയ ഒളിസങ്കേതങ്ങളില്‍ പോലും ചെന്നദ്ദേഹം കാണാറുണ്ടായിരുന്നു. അവര്‍ക്ക് ആത്മവിശ്വാസവും ഉത്‌സാഹവും പകരുമായിരുന്നു. ഹൃദ്രോഗ ചികിത്‌സയിലായിരുന്നിട്ടും മറ്റധികാരികള്‍ വിലക്കിയിട്ടും അദ്ദേഹം നിരന്തരം തലശ്ശേരി സന്ദര്‍ശിക്കുകയുണ്ടായി. ''പ്രാണന്‍ ത്യജിക്കുന്ന കാര്യത്തിലായാലും മുതിര്‍ന്ന പ്രവര്‍ത്തകര്‍ മാതൃകയാവണം'' എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അദ്ദേഹത്തിന്റെ നിരന്തരമായ സമ്പര്‍ക്കവും മാര്‍ഗദര്‍ശനവും കാരണമാണ് തലശ്ശേരിയിലെ സ്വയംസേവകര്‍ തങ്ങളുടെ അസ്തിത്വം സംരക്ഷിക്കാനായി സര്‍വ്വസ്വവും അര്‍പ്പണം ചെയ്യാന്‍ സന്നദ്ധമായത്. നാല് ദശകങ്ങളില്‍പ്പരം സമയം കമ്യൂണിസ്റ്റുകളുമായി മല്ലിട്ട് നില്‍ക്കാനുള്ള പ്രചോദനത്തിന് ഭാസ്‌കര്‍റാവുജിയുടെ സ്മൃതി ഇന്നും പുത്തനുണര്‍വ്വ് പകരുന്നു. ഹൃദ്രോഗത്തിന് നടത്തിയ ബൈപ്പാസ് സര്‍ജറിക്കുശേഷം കേരളത്തിന്റെ പ്രാന്തപ്രചാരകനെന്ന തിരക്കേറിയ ചുമതലയില്‍നിന്ന് മുക്തനാക്കിക്കൊണ്ട് അദ്ദേഹത്തെ 1984 ല്‍ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ സഹസംഘടനാ കാര്യദര്‍ശിയായി മുംബൈ ആസ്ഥാനമായി നിയോഗിക്കുകയുണ്ടായി. കേരളത്തിന്റെ ചുമതലയേക്കാള്‍ ഭാരംകുറഞ്ഞ ചുമതലയാവും ഇതെന്നാണ് എല്ലാവരും ധരിച്ചിരുന്നത്. ഒരുപക്ഷെ ഈ ചുമതല അദ്ദേഹത്തിന്റെ വിശ്രമത്തെക്കൂടി കണക്കിലെടുത്തുകൊണ്ടാവും എന്ന തെറ്റിദ്ധാരണയിലായിരുന്നു പലരും. അന്നത്തെ പരംപൂജനീയ ബാളാസാഹേബ് ദേവറസ്ജിക്ക് അദ്ദേഹത്തിന്റെ സംവേദനയുള്‍ക്കൊള്ളുന്ന ഹൃദയത്തെക്കുറിച്ച് തികച്ചും അറിയാമായിരുന്നു. സാധാരണ ജനങ്ങള്‍ക്കിടയില്‍ എത്ര തന്മയത്വത്തോടെയാണദ്ദേഹം പ്രവര്‍ത്തിച്ചതെന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഈ പ്രത്യേകതകള്‍ കൊണ്ടു മാത്രമാണ് വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യനായ പ്രവര്‍ത്തകനെന്ന് കരുതി അദ്ദേഹത്തെ ഇക്കാര്യം ഏല്‍പ്പിച്ചത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമയത്തുതന്നെ അദ്ദേഹം വനവാസികളിലും മുക്കുവരിലും മറ്റ് താഴേക്കിടയിലെ ജനങ്ങള്‍ക്കിടയിലും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. അഖിലഭാരതീയ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നതിന് മുമ്പ്തന്നെ 'ആദിവാസി സംഘം' എന്ന പേരില്‍ സംഘടനയാരംഭിച്ച് വനവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. 'വിവേകാനന്ദ മെഡിക്കല്‍ മിഷന്‍' എന്ന പേരില്‍ വനവാസികള്‍ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തനവും അദ്ദേഹത്തിന്റെ സമയത്താണ് ആരംഭിച്ചത്. സമാജത്തിലെ അന്തിമ ശ്രേണിയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും താല്‍പര്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ ചുമതല കൊടുത്തിട്ടുള്ളതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ പ്രതീക്ഷക്കനുസരിച്ച് അന്തിമശ്വാസം വരെ വിശ്രമമില്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നത് ഒരു വാസ്തവംതന്നെയാണ്. (വനവാസി കല്യാണാശ്രമം അഖിലഭാരതീയ ശ്രദ്ധാജാഗരണ്‍ പ്രമുഖാണ് ലേഖകന്‍)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.