ദ്രാവിഡിന് ആശംസകളുമായി ക്രിക്കറ്റ് ലോകം

Wednesday 11 January 2017 10:49 pm IST

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന് 44ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ക്രിക്കറ്റ് ലോകം. വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തുടങ്ങിയവര്‍ ദ്രാവിഡിന് ആശംസകളുമായെത്തി. ഉത്തരവാദിത്വം, വൈശിഷ്ട്യം, സ്ഥിരത, സൂക്ഷ്മത എന്നിവയായിരുന്നു ദ്രാവിഡിന്റെ ഗുണങ്ങളെന്ന് സെവാഗ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും സെവാഗ് പറഞ്ഞു. ''താങ്കളുടെ പ്രോത്സാഹനത്തിന് നന്ദി. വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാരുടെ മാതൃകാ വ്യക്തിത്വമാണ് താങ്കള്‍,'' വിരാട് കുറിച്ചു. നിസ്വാര്‍ത്ഥനായ, ഇഷ്ടം തോന്നുന്ന മനുഷ്യനാണ്, അതുതന്നെയാണ് രാഹുല്‍ എന്ന പേര് ഇഷ്ടപ്പെടാനും കാരണം, കൈഫ് ട്വീറ്റ് ചെയ്തു. ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍, ആകാശ് ചോപ്ര, അഭിമന്യു മിഥുന്‍ തുടങ്ങിയവരും മുന്‍ ഇന്ത്യന്‍ നായകന് ആശംസകളുമായെത്തി. ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാനാണ് ദ്രാവിഡെന്ന് ഐസിസിയും ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ ദ്രാവിഡ് എല്ലാ വിഭാഗങ്ങളിലുമായി 24,208 റണ്‍സ് നേടി. ടെസ്റ്റില്‍ 36 സെഞ്ചുറി, 63 അര്‍ധ സെഞ്ചുറി, ഏകദിനത്തില്‍ 12 സെഞ്ചുറി, 83 അര്‍ധ സെഞ്ചുറി. അഞ്ച് വര്‍ഷം മുന്‍പ് രാജ്യാന്തര കരിയറിനോട് വിടപറഞ്ഞു. കളിക്കളത്തിലേതിനേക്കാള്‍ തിളങ്ങുന്നു വിരമിച്ച ശേഷമുള്ള ദ്രാവിഡ്. അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലന ചുമതല വഹിക്കുന്ന ദ്രാവിഡിന്റെ ശിക്ഷണത്തില്‍ നിന്ന് ഒട്ടേറെ യുവതാരങ്ങളാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. കരുണ്‍ നായര്‍, ജയന്ത് യാദവ് എന്നിവരെ പോലുള്ളവര്‍ ദേശീയ ടീമിലെത്തിയും തകര്‍പ്പന്‍ പ്രകടനം നടത്തുന്നു.