സിപിഎം അക്രമങ്ങളെ സമൂഹം എതിര്‍ക്കണം: ആര്‍എസ്എസ്

Wednesday 11 January 2017 11:04 pm IST

കഞ്ചിക്കോട് സിപിഎം അക്രമത്തിനിരയായ പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍

പാലക്കാട്: കഞ്ചിക്കോട് സിപിഎം അക്രമത്തിനിരയായി കൊലചെയ്യപ്പെട്ട ചടയന്‍കലായി രാധാകൃഷ്ണന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. പാലക്കാട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞകുറച്ച് കാലങ്ങളായി ഇവിടെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമണം തുടരുകയാണ്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരാളെ ചുട്ടുകൊല്ലുന്നത്. ഗൂഢാലോചന നടത്തിയ നേതാക്കന്മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. 21-ാം നൂറ്റാണ്ടില്‍ അപഹാസ്യവും മൃഗീയവുമായ സിപിഎമ്മിന്റെ നടപടിയെ പൊതുസമൂഹം എതിര്‍ക്കേണ്ടതാണ്. ഇത്രയും നീചമായ പ്രവര്‍ത്തനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ആളുകെള ചുട്ടുകൊല്ലുന്ന രീതിയിലേക്ക് രാഷ്ട്രീയ സംവിധാനം മാറി.

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അക്രമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുവാന്‍ നടപടിസ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ മൂക്കിനുതാഴെ ഭയനാകമായ സംഭവങ്ങള്‍ നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നസ്ഥിതി ആശങ്കാജനകമാണ്. കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും സംഘപരിവാറിനു മാത്രം സ്ഥിതി നേരെമറിച്ചാണ്. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുകയും, സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കുകയും ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ട്.

കഞ്ചിക്കോട് മേഖലയില്‍ സ്ഥിരമായി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഎം പ്രവര്‍ത്തകരായ സതീഷ്, രാജേഷ് എന്നിവര്‍ വിവിധ കേസുകളിലെ പ്രതികളാണ്. മൂക്കിനു തുമ്പില്‍ പ്രതികളുണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവുന്നില്ല. അതിന്റെ പരിണിത ഫലമായാണ് രാധാകൃഷ്ണന് ജീവന്‍ നഷ്ടമായത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം അനുഭാവികളുടെ കുടുംബത്തില്‍ നിന്നാരെങ്കിലും ഇതരപ്രസ്ഥാനങ്ങളിലേക്ക് വരുന്നത് അവര്‍ക്ക് സഹിക്കുന്നില്ല. അസ്ഹിഷ്ണുതയുടെ ഭാഗമായണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള ആളുകളെ ഉന്മൂലനം ചെയ്യുകയെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം,വീണ്ടും വീണ്ടും അക്രമം നടത്തുന്നത് സിപിഎമ്മാണ്. സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്.ഭരിക്കുന്ന കക്ഷി ജനാധിപത്യസംവിധാനത്തിലേക്കുള്ള അവസരംഒരുക്കുന്നതിനു പകരം ജനാധിപത്യധ്വംസനമാണ് നടത്തുന്നത്. അക്രമം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും,അവിടെ നിന്ന് പാലക്കാട്ടേക്കും വ്യാപിപ്പിക്കുകയാണ്.

പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സുധീര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍, പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ രാധാകൃഷ്ണന്റെ വസതി സന്ദര്‍ശിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍,പ്രചാരക് കെ.മഹേഷ്, സംഘചാലക് എന്‍.മോഹന്‍കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്‍മുഖന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.