മതം പറഞ്ഞവര്‍ മേലാളന്മാരായി, മതേതരത്വം പറഞ്ഞവര്‍ വഴിയാധാരവും: വെള്ളാപ്പള്ളി

Wednesday 11 January 2017 11:06 pm IST

മുഹമ്മ(ആലപ്പുഴ): തിരിച്ചറിവിന്റെ പാതയിലൂടെ മുന്നേറുന്ന എസ്എന്‍ഡിപി യോഗത്തെയും പോഷക സംഘടനകളെയും പിന്നിലും വശങ്ങളിലും ആഞ്ഞുകുത്തുവാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം കേന്ദ്ര വനിതാസംഘം വാര്‍ഷിക പൊതുയോഗവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. സാമ്പത്തികപരമായും, രാഷ്ട്രീയപരമായും, വിദ്യാഭ്യാസപരമായും തകര്‍ക്കുവാനാണ് ശ്രമം. മതം പറഞ്ഞവര്‍ ഭരണകൂടത്തിലെ മേലാളന്‍മാരായപ്പോള്‍ മതേതരത്വം പറഞ്ഞവര്‍ വഴിയാധാരമായി. അധികാരവും സമ്പത്തും ന്യൂനപക്ഷങ്ങളുടെ കയ്യിലെത്തിയതോടെ ഭൂരിപക്ഷ സമുദായങ്ങള്‍ പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് ഭവനരഹിതര്‍ കൂടുതലും ഈഴവ സമുദായത്തിലാണ്. ഓരോ വനിത സംഘം യൂണിയനുകളും പാവപ്പെട്ടവര്‍ക്ക് ഒരു വീടെങ്കിലും നിര്‍മ്മിച്ചു നല്‍കണം. പഠനത്തില്‍ മികവു പുലര്‍ത്തുന്ന സമുദായാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍, എന്‍ജിനിയറിങ് കോഴ്‌സുകളില്‍ ഫീസ് ഇളവ് നല്‍കും. കുറഞ്ഞത് 89 ശതമാനം മാര്‍ക്കെങ്കിലുമുള്ള വിദ്യാര്‍ത്ഥികളെ യോഗം സൗജന്യമായി എന്‍ജിനിയറിങ് കോഴ്‌സ് പഠിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ദീപപ്രകാശനം നടത്തി. വനിതാസംഘത്തിന്റെ പ്രസിഡന്റായി കെ.പി. കൃഷ്ണകുമാരിയേയും സെക്രട്ടറിയായി അഡ്വ. സംഗീത വിശ്വനാഥനെയും വീണ്ടും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ഇ.എസ്. ഷീബ (വൈസ് പ്രസിഡന്റ്), പി.വി. ലോലമ്മ(ട്രഷറര്‍) എന്നിവരേയും പി.ആര്‍ രാധാമണി, ഷൈലജ രവീന്ദ്രന്‍, ഗീത മധു, സുമംഗല എസ്. സുരേന്ദ്രന്‍ എന്നിവരാണ് കേന്ദ്രസമിതിയംഗങ്ങള്‍.