ഏനാത്ത് പാലത്തിന്റെ ബലക്ഷയം പരിഹരിക്കാന്‍ നടപടി

Wednesday 11 January 2017 11:10 pm IST

എംസി റോഡില്‍ കൊട്ടാരക്കരയ്ക്കടുത്തുള്ള ഏനാത്ത് പാലം ബലപ്പെടുത്താനുള്ള പണികള്‍ പരോഗമിക്കുന്നു

കൊട്ടാരക്കര: ഏനാത്ത് പാലത്തിന്റെ ബലക്ഷയം പരിഹരിക്കാന്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. പാലത്തെ ബീമുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ബെയറിംഗ് തെന്നിമാറിയതിനെ തുടര്‍ന്ന് പാലത്തിന്റെ മുകള്‍ഭാഗത്ത് വിള്ളലുണ്ടാവുകയും കൈവരികള്‍ അടര്‍ന്ന് മാറുകയുമായിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെയും കെഎസ്ടിപിയുടെയും വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥ സംഘവും എറണാകുളത്ത് നിന്നും ബ്രിഡ്ജ് എക്‌സ്‌പെര്‍ട്ടുകളും സ്ഥലത്തെത്തി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബലപ്പെടുത്തല്‍ നടപടികള്‍ പുരോഗമിക്കുന്നത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ നിര്‍മ്മാണജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു. പാലത്തിന്റെ മുകള്‍തട്ടില്‍ തകരാര്‍ പറ്റിയ ഭാഗത്തെ ഇരുമ്പ് പ്ലേറ്റ് ഇളക്കി മാറ്റിയശേഷം അടിഭാഗത്ത് നിന്നും വടം കെട്ടി ബലപ്പെടുത്തി. ബാക്കി ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയശേഷം വെള്ളിയാഴ്ച ഉച്ചയോടെ ജാക്കികള്‍ വച്ച് പാലം ഉയര്‍ത്തും. തകരാറുള്ള ഭാഗത്ത് രണ്ട് തൂണുകളിലായി മൂന്ന് ബീമുകളാണുള്ളത്. ഈ ഭാഗമാണ് ഉയര്‍ത്തുക.

ബീമുകള്‍ ഉയര്‍ത്തിയശേഷം ആറു ബെയറിംഗുകള്‍ മാറ്റും. മറ്റ് ബീമുകളുടെ ബെയറിംഗുകള്‍ രണ്ടാംഘട്ടമായി മാറ്റുന്നതോടെ ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. 1998ല്‍ ഉദ്ഘാടനം ചെയ്ത പാലത്തിന്റെ ബെയറിംഗുകള്‍ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടതായിരുന്നു. ഇതാണ് ഇപ്പോള്‍ ബെയറിംഗുകള്‍ തെന്നിമാറാന്‍ കാരണം.

കഴക്കൂട്ടം മുതല്‍ അടൂര്‍ വരെ എംസി റോഡില്‍ 144 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന റോഡുസുരക്ഷാ പദ്ധതിയില്‍ ഏനാത്ത് പാലവും ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതിന്റെ പണികള്‍ തുടങ്ങും മുന്‍പെയാണ് ബെയറിംഗ് തെന്നിമാറിയത്. മകരവിളക്ക് പ്രമാണിച്ച് വാഹനത്തിരക്ക് ഏറിയിട്ടുണ്ടെങ്കിലും ചെറിയ വാഹനങ്ങള്‍ മാത്രമേ ഇപ്പോള്‍ പാലംവഴി കടത്തിവിടുന്നുള്ളു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് അടക്കം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.

അടൂര്‍ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പൂത്തൂര്‍മുക്ക്, അന്തമണ്‍, ആറാട്ടുപുഴ വഴി വീണ്ടും എംസി റോഡില്‍ ഏനാത്ത് പ്രവേശിക്കും. ചൊവ്വാഴ്ച വൈകിട്ട് ആറിനോടെയായിരുന്നു ഭാരം കയറ്റിയ വാഹനം കടന്ന് പോയതിന് തൊട്ടുപിന്നാലെ പാലത്തിന് ബലക്ഷയം ഉണ്ടായത്. അമിതഭാരവുമായി പാലത്തിലൂടെ ലോറി കടന്നുപോയതോടെയാണ് ശബ്ദം കേട്ടതെന്നു നാട്ടുകാര്‍ പറയുന്നു.