പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം

Wednesday 11 January 2017 11:11 pm IST

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം. മുഖ്യമന്ത്രി പിണറായിവിജയന്റെ കീഴില്‍ വരുന്ന അതോറിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് പിന്‍വാതില്‍ നിയമനത്തിന് നീക്കം നടക്കുന്നത്. നിയമനത്തിന് അതോറിറ്റിയുടെ മേല്‍ കടുത്തസമ്മര്‍ദ്ദം ചെലുത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. സംസ്ഥാന പരിസ്ഥിതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റിയുടെ ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അതില്‍ ഇടപെടാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ അതോറിറ്റിയിലെ മറ്റു ജീവനക്കാരെ നിയമിക്കേണ്ടത് പൂര്‍ണമായും സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണ്. ഈ അവസരം മുതലെടുത്താണ് ഇഷ്ടക്കാരെ തിരുകികയറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ മുന്‍നിര്‍ത്തി നീക്കമാരംഭിച്ചിരിക്കുന്നത്. പരിസ്ഥിതിവകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ് വരുന്നത്. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ മാസം 20,000 രൂപ ശമ്പളം വച്ച് അഞ്ചുപേര്‍ താത്കാലികമായി ജോലി ചെയ്തുവരികയായിരുന്നു. ഒരുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലായിരുന്നു നിയമനം. അഞ്ചുപേരും കഴിഞ്ഞമാസം കാലാവധി പൂര്‍ത്തിയാക്കി. ഇതില്‍ വിനോദ് ഗോപാല്‍ ഭാര്യ ധന്യ എന്നീ രണ്ടുപേരെ പിന്‍വാതില്‍ വഴി നിയമിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം നടത്തുന്നത്. സാധാരണ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിന് പത്രപ്പരസ്യത്തിലൂടെ അറിയിപ്പു നല്‍കും. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളെ പരീക്ഷയ്ക്ക് വിധേയമാക്കി വിജയിക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. അതില്‍ നിന്നായിരിക്കും തെരഞ്ഞെടുക്കുക. പൂര്‍ണമായും സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക. എന്നാല്‍ ഇക്കുറി മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഇഷ്ടക്കാരെ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ കയറ്റാനാണ് പിണറായിവിജയന്റെ ഓഫീസ് പരിസ്ഥിതി വകുപ്പിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.