ഭരണസ്തംഭനം സംസ്ഥാനത്താകെ

Wednesday 11 January 2017 11:41 pm IST

തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരില്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാടില്‍ പ്രതിഷേധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ നിയമം കടുപ്പിക്കുന്നു. ഇതോടെ ഭരണ സ്തംഭനം സംസ്ഥാനത്താകെ ബാധിക്കുന്നു. സെക്രട്ടേറിയറ്റില്‍ നിന്ന് ഫയലുകള്‍ യഥാസമയം നീങ്ങാതായതോടെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നു. ഇതോടെ സെക്രട്ടേറിയറ്റിലെ അനിശ്ചിതത്വം സംസ്ഥാനത്തെയാകെ ബാധിക്കുന്നു. ഐഎഎസുകാര്‍ക്കെതിരെ സിപിഎം അനൂകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ നോട്ടീസ് അച്ചടിച്ച് ഇറക്കിയതാണ് കൂടുതല്‍ കുഴപ്പത്തിലാക്കിയത്. തങ്ങളെ കീഴ് ജീവനക്കാര്‍ മനപൂര്‍വ്വം കുടുക്കുമോ എന്ന ഭയത്തില്‍ തീരുമാനങ്ങള്‍ രേഖാമൂലം വേണമെന്നാണ് ഐഎഎസുകാരുടെ നിലപാട്. രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി. വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ല. എല്ലാ തീരുമാനങ്ങള്‍ക്കും രേഖാമൂലമുള്ള ഫയല്‍ തങ്ങളുടെ പക്കല്‍ എത്തണം. അവ കൃത്യമായി പരിശോധിച്ച ശേഷമേ ഉത്തരവ് നല്‍കൂ. ആശയക്കുഴപ്പം ഉണ്ടായാല്‍ നിയമ വകുപ്പിന് ഫയല്‍ കൈമാറണം. ഇത്തരം നിലപാടുകള്‍ അടിയന്തരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങളെ കാര്യമായി ബാധിക്കും. സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഇത്തരത്തില്‍ അടിയന്തരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങള്‍ പോലും ഇതോടെ അനിശ്ചിതത്വത്തിലാകും. നോട്ടിസ് വിവാദം സെക്രട്ടേറിയറ്റിലെ ജീവനക്കാരെയും പല തട്ടുകളിലാക്കി. പിണറായി വിജയന്‍ അധികാരമേറ്റെടുത്തതോടെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ഉദ്യോഗസ്ഥ ഭരണം നടത്താന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ നേതാക്കളെ കാണാന്‍പോലും പിണറായി കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് പരിഭവത്തിലായിരുന്ന നേതാക്കള്‍ ഐഎഎസുകാരുടെ പ്രതിഷേധം മുതലെടുത്ത് മുഖ്യമന്ത്രിയുടെ പ്രീതിക്കായിട്ടാണ് നോട്ടീസ് അച്ചടിച്ചിറക്കിയത്. ഇത് കൂടുതല്‍ കുഴപ്പത്തിലാക്കി. നോട്ടീസ് ഇറക്കിയത് പാര്‍ട്ടി സെക്രട്ടറി തള്ളിപ്പറഞ്ഞു. തള്ളിപ്പറയല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കിടയില്‍ പാര്‍ട്ടിക്കെതിരെ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ജീവനക്കാരെല്ലാം വെറുതെ വന്നുപോകുന്ന തരത്തിലാണ് സെക്രട്ടേറിയറ്റിലെ നിലവിലെ അവസ്ഥ. പരസ്പരം വിശ്വാസമില്ലാത്ത രീതിയിലേക്ക് സെക്രട്ടേറിയറ്റിനെ കൊണ്ടു ചെന്നെത്തിച്ചു. ഇതിനിടയില്‍ ഐഎഎസുകാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പുലര്‍ത്തിയ നിലപാടില്‍ സിപിഐ മന്ത്രിമാര്‍ കടുത്ത അതൃപ്തിയിലാണ്. ഐഎഎസുകാരെ മുഴുവന്‍ കുറ്റക്കാരായി ചിത്രീകരിച്ചു എന്നാണ് പരാതി. സിപിഐ മന്ത്രിമാരുടെ സെക്രട്ടറിമാര്‍ ഇത് സംബന്ധിച്ച് മന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രി സംയമനത്തോടെ പെരുമാറണമെന്നായിരുന്നു സിപിഐ മന്ത്രിമാരുടെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.