വികാരഭരിതനായി ഒബാമ; യുഎസില്‍ ഇപ്പോഴും വര്‍ണവിവേചനം

Wednesday 11 January 2017 11:45 pm IST

കണ്ണീരോടെ… വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരഭരിതനായി ബരാക് ഒബാമ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. വര്‍ണ വിവേചനം ഇപ്പോഴും വെല്ലുവിളിയാണെന്നു പറഞ്ഞ ഒബാമ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദവും അറിയിച്ചു.

ചിക്കാഗോയില്‍ തടിച്ച് കൂടിയ അനുയായികളെ അഭിസംബോധന ചെയ്ത ഒബാമയുടെ പ്രസംഗത്തില്‍ ഭീകരതയും വംശീയ വിവേചനവും കാലാവസ്ഥ മാറ്റവും മുഖ്യവിഷയങ്ങളായിരുന്നു.
എല്ലാ ദിവസവും നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യം പഠിക്കാനുണ്ടായിരുന്നു. നല്ലൊരു പ്രസിഡന്റാക്കിയതും മനുഷ്യനാക്കിയതും നിങ്ങളാണ്. സാധാരണക്കാര്‍ ഒന്നിക്കുമ്പോഴാണ് പല കാര്യങ്ങളും സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ വര്‍ണവിവേചനം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ല. ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ നമുക്ക് കഴിയൂ. മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണം. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍, ഒസാമ ബിന്‍ ലാദന്റെ വധം അടക്കം ഭീകരവിരുദ്ധപോരാട്ടത്തിലെ നേട്ടങ്ങള്‍ ഒക്കെ ഒബാമ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

എട്ട് വര്‍ഷം തന്നെ പിന്തുണച്ച അമേരിക്കന്‍ ജനതക്ക് നന്ദി പറയുന്നു. വളരെയധികം ശുഭാപ്തി വിശ്വാസമുള്ളവനായിട്ടാണ് ഇന്ന് ഞാന്‍ ഈ വേദി വിടുന്നത.് നിങ്ങളുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നിങ്ങള്‍ നല്‍കിയ എല്ലാ പിന്തുണക്കും നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. വൈസ് പ്രസിഡന്റ് ജോ ബൈഡനെ ഒബാമ അഭിനന്ദിച്ചു. മക്കളെ കുറിച്ച് പറഞ്ഞ ഒബാമ അവരുടെ പിതാവായിരിക്കുന്നതില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞു. ഭാര്യ മിഷേലിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം വികാരാധീനനായി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അവര്‍ തനിയ്ക്ക് ഭാര്യമാത്രമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യക്കോ ചൈനക്കോ ലോകത്ത് നമുക്കുള്ള സ്വാധീനത്തിനൊപ്പമെത്താന്‍ കഴിയില്ല. എട്ടുവര്‍ഷ കാലയളവില്‍ അമേരിക്കയില്‍ വിദേശ തീവ്രവാദികള്‍ക്ക് അക്രമണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ബോസ്റ്റണ്‍ മാരത്തണ്‍, സാന്‍ ബെര്‍നാന്റിനോ കൂട്ടക്കൊല പോലെയുള്ള ആഭ്യന്തര ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.