ആനത്താര പദ്ധതി പാതിവഴിയില്‍; ജനവാസകേന്ദ്രങ്ങളില്‍ ആനയുടെ അക്രമണം പതിവാകുന്നു

Thursday 12 January 2017 12:56 am IST

കണ്ണൂര്‍: കോടികള്‍ മുടക്കിയിട്ടും ആനത്താര പദ്ധതി യാഥാര്‍ഥ്യമാകാത്തത് നാട്ടില്‍ കാട്ടാനയുടെ ആക്രമണം വര്‍ദ്ധിക്കാന്‍ വഴിയൊരുക്കുന്നു. ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇന്നലെ യുവാവ് കൊല്ലപ്പെട്ടിട്ടും വനംവകുപ്പിന് മിണ്ടാട്ടമില്ല. ആനമതിലില്ലാത്ത ഭാഗത്തുകൂടെ ആനയിറങ്ങിയാണ് കേളകം നരിക്കടവിലെ ബിജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടാനകളുടെ സംരക്ഷണത്തിനും ഇത്തരം ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനുമായി വിഭാവനം ചെയ്തതാണ് ആനത്താര പദ്ധതി. വനം–വന്യജീവി വകുപ്പ് മുന്തിയ പരിഗണന നല്‍കിയ വയനാട് ജില്ലയിലെ ചില പ്രദേശത്ത് മാത്രമാണ് ഇതു പൂര്‍ത്തിയായത്. എന്നാല്‍ കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പലയിടത്തും ഈ പദ്ധതി പാതിവഴിയിലാണ്. നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഇഴയുകയായിരുന്നു. സര്‍ക്കാര്‍ ആനത്താര പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സ്ഥലം വിട്ടു കൊടുത്തവരാണ് ഈ പ്രദേശത്തുള്ള കര്‍ഷകര്‍. വനംവകുപ്പിന്റെ കടുത്ത അവഗണന അവര്‍ക്ക് തന്നെ തീരാദുരിതമായി മാറുകയാണ്. ഒരു വനമേഖലയില്‍നിന്നും മറ്റൊരു വനപ്രദേശത്തേക്കുള്ള കാട്ടാനകളുടെ പരമ്പരാഗത സഞ്ചാര മാര്‍ഗങ്ങളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ നിരവധി ജനവാസകേന്ദ്രങ്ങളാണ് രൂപംകൊണ്ടത്. ഈ ജനവാസകേന്ദ്രങ്ങളിലാണ് കാട്ടാനകളുടെ ആക്രമണം കൂടുതലായുണ്ടാകാറുള്ളത്. കാട്ടാന ഉള്‍പ്പടെയുള്ളവ കാടിറങ്ങി കൃഷിയും മറ്റു സ്വത്തുക്കളും നശിപ്പിക്കുകയും ജീവന് ഭീഷണി ഉയര്‍ത്തുകയുമാണ്. ഇതിന് പരിഹാരമായി വിദഗ്ധര്‍ ശുപാര്‍ശ ചെയ്തതാണ് ആനത്താര പദ്ധതി. കാട്ടാനകളുടെ സംരക്ഷണത്തിനും അവയുടെ പരമ്പരാഗത സഞ്ചാര പഥങ്ങളിലെ തടസ്സങ്ങള്‍ നീങ്ങേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തതാണ് ആനത്താര പദ്ധതികള്‍. കൈവശഭൂമിക്ക് അര്‍ഹമായ വിലയും നഷ്ട പരിഹാരവും നല്‍കി ഒഴിപ്പിച്ചെടുക്കുന്ന ജനവാസ കേന്ദ്രങ്ങള്‍ നൈസര്‍ഗിക വനമായി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പേരിയ–കൊട്ടിയൂര്‍ പദ്ധതിയുടെ നിര്‍വഹണത്തിന് 2007ല്‍ ലഭിച്ചതാണ് കേന്ദ്ര–വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി. വടക്കേ വയനാട് വനം ഡിവിഷന്റെ ഭാഗമാണ് പേരിയ. കൊട്ടിയൂര്‍ ആറളം വന്യജീവി സങ്കേതത്തിത്തിലാണ് കൊട്ടിയൂര്‍. പെരിയയില്‍നിന്നു കൊട്ടിയൂരിലേക്കുള്ള ആനത്താരയുടെ വീണ്ടെടുപ്പിനു 131.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഇതില്‍ 95 ഹെക്ടര്‍ വയനാട്ടിലും 36.5 ഹെക്ടര്‍ കണ്ണൂര്‍ ജില്ലയിലുമാണ്. ഇത്രയും സ്ഥലത്തുനിന്നായി 205 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടത്. വയനാട്ടില്‍ 171 കുടംബങ്ങളെ മാറ്റിപാര്‍പ്പിക്കണം. ആറളം വന്യജീവി സങ്കേതപരിധിയിലാണ് 34 കുടുംബങ്ങള്‍. ഈ ആനത്താരയുടെ വീണ്ടെടുപ്പിന് 7.89 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രാലയം അംഗീകാരം നല്‍കിയത്. ആദ്യഘട്ടം നടത്തിപ്പിനു 2008ല്‍ 4.5 കോടി രൂപ അനുവദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.