ഏനാത്ത് പാലം കടക്കാന്‍ വാഹനങ്ങളുടെ നീണ്ടനിര

Thursday 12 January 2017 12:11 pm IST

കൊട്ടാരക്കര: ബലക്ഷയത്തെ തുടര്‍ന്ന് ഏനാത്ത് പാലത്തിലൂടെ ഗതാഗതം ഭാഗികമാക്കിയതോടെ ചെറുവാഹനങ്ങളുടെ നീണ്ട നിര. പാലത്തിന്റെ ഒരു വശത്തുകൂടിയുള്ള ഗതാഗതത്തിന് തടസം ഉണ്ടായിട്ടുള്ളതിനാലാണ് ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. ദീര്‍ഘദൂര ട്രാന്‍സ്‌പോര്‍ട്ട്ബസുകള്‍ ഉള്‍പ്പടെ വലിയ വാഹനങ്ങളെല്ലാം തന്നെ മറ്റ് വഴികളിലൂടെ തിരിച്ച് വിട്ടിരിക്കയാണ്. മകരവിളക്കിന് പോകുന്ന ഭക്തരുടെ വാഹനം കൂടിയാകുന്നതോടെ ഇനിയുള്ള രണ്ട് ദിവസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഇതിനിടയില്‍ മറ്റന്നാള്‍ പാലം ഉയര്‍ത്തുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെടുമെന്നാണ് അറിയിപ്പ്. ഇടറോഡുകളെയും ഇത് ബാധിക്കും. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു ഭാരം കയറ്റിയ വാഹനം കടന്ന് പോയതിന് തൊട്ടുപിന്നാലെ പാലത്തിന് ബലക്ഷയം ഉണ്ടായത്. 1996ല്‍ ഏനാത്തെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിന് ബലക്ഷയമുള്ളതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് പാലത്തില്‍ കുലുക്കം അനുഭവപ്പെട്ടിരുന്നു. പാലത്തിന്റെ തൂണുകളില്‍ ഒന്നിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുകയും വാര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന കമ്പികള്‍ ദൃശ്യമാവുകയും ചെയ്തിരുന്നു. ദ്രവിച്ച നിലയിലായിരുന്നു കമ്പികള്‍. ഇപ്പോള്‍ പാലത്തില്‍ വിള്ളല്‍ കണ്ട ഭാഗത്ത് കൈവരികള്‍ അകന്ന് മാറുകയും ചെയ്തിരുന്നു. ഈ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ പലപ്പോഴും പുറത്തുവിട്ടതാണ്. ഇത് ഉദ്യോഗസ്ഥര്‍ അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.