ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതങ്ങള്‍ക്ക് കഴിയുന്നില്ല : സ്വാമി ചിദാനന്ദപുരി

Thursday 12 January 2017 2:59 pm IST

തൃശ്ശൂര്‍: യുക്തിപൂര്‍വം ചിന്തിക്കുന്ന മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ മതങ്ങള്‍ പരാജയപ്പെടുന്നതായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. അന്ധവിശ്വാസങ്ങളും മാമൂലുകളും കൊണ്ട് മതങ്ങള്‍ക്ക് മനുഷ്യന്റെ യുക്തിബോധത്തെ സ്വാധീനിക്കാന്‍കഴിയില്ല. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കേരള കണ്‍വന്‍ഷന്‍ തൃശ്ശൂരില്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഈ പ്രശ്നങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നത് ഭാരതീയ ധര്‍മ്മം മാത്രമാണ്. ലോകത്ത് ഏറ്റവുമധികം കൊലകള്‍ നടക്കുന്നത് മതത്തിന്റെ പേരിലാണെന്നും സ്വാമി ചൂണ്ടിക്കാട്ടി. മതമോ മറ്റ് സാമൂഹിക വ്യവസ്ഥകളോ ധര്‍മത്തിന് എതിരാവുമ്പോള്‍ അത് ലോകനാശത്തിനു കാരണമാകും. പ്രപഞ്ചത്തെ ഒന്നായിനിര്‍ത്തുന്ന താളാത്മക വ്യവസ്ഥയാണ് ധര്‍മമെന്നും ആ താളത്തിനൊത്ത് ജീവിതത്തെ ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. മതം ശ്രേഷ്ഠമാണെങ്കിലും എന്റെ മതം മാത്രമാണ് ശ്രേഷ്ഠമെന്നു പറയുന്നിടത്ത് മതം അക്രമാസക്തമാകുമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മതവും സാമ്രാജ്യവും മനുഷ്യനെ ഭയപ്പെടുത്തിയാണ് വളരുന്നത്. രണ്ടും ഒരുമിക്കുമ്പോള്‍ സാമ്രാജ്യങ്ങള്‍ പോലും തകരും,മതവും ധര്‍മവും രണ്ടാണ്, മതം ലോകത്തെ നശിപ്പിക്കും. അതിനാല്‍ ധര്‍മമെന്ന മഹത് ആശയത്തിലേക്ക് ലോകം ഉയര്‍ത്തപ്പെടുകയാണ് വേണ്ടതെന്നും ലോകം പ്രത്യാശയോടെ ഭാരതത്തെ നോക്കുമ്പോള്‍ അതു നല്‍കുന്ന രീതിയില്‍ രാജ്യം ഉയര്‍ത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടാനും മാര്‍ഗം ഭാരതീയ ദര്‍ശനമാണ്. കേരളത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ചത് ഇടതുപക്ഷമാണെന്നത് മിഥ്യാധാരണയാണ്. കലാകാരന്മാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മറ്റ് പ്ലാറ്റ്ഫോമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഇടതുപക്ഷത്തിന്റെ തണലില്‍ ചേക്കേറി എന്നതു മാത്രമാണ് വസ്തുത. കേരളത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ച സാഹിത്യസാംസ്‌കാരിക നായകര്‍ ആര്‍ഷഭാരത ദര്‍ശനം ഉള്‍ക്കൊണ്ടവരായിരുന്നു. ഇടതുപക്ഷം അവരെ ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്തത്. സ്വാമി ചൂണ്ടിക്കാട്ടി. വീഴ്ചകളില്‍ നിന്നും ജാതീയമായ ഉച്ചനീചത്വങ്ങളില്‍ നിന്നും നാം ഉയിര്‍ത്തെഴുന്നേറ്റു. ശാസ്ത്രീയമായ വളര്‍ച്ചയിലൂടെയും ആദ്ധ്യാത്മിക ആചാര്യരുടെ നിതാന്തപ്രവര്‍ത്തനത്തിലൂടെയും ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. എന്നാല്‍ ഹിന്ദു ജാതിയതയുടെ പേരില്‍ വിഘടിച്ചുനില്‍ക്കുന്നുവെന്ന ദുഃഷ്പ്രചരണം നടത്തുകയാണ് ചിലര്‍. ഇത് തെറ്റാണ്. ഭാരതം ഉയര്‍ന്നത് കേരളത്തില്‍ നിന്നടക്കമുള്ള നിരവധി ആദ്ധ്യാത്മിക ആചാര്യന്മാരുടെ പ്രവര്‍ത്തനഫലമായിരുന്നു. എന്നാല്‍ ഇതെല്ലാം മറന്നുകൊണ്ട് ഹൈന്ദവാചാര്യന്മാരെ അവഹേളിച്ച് ചില രാഷ്ട്രീയനേതാക്കന്മാര്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നു.മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നു. ലോകം മുഴുവന്‍ ഭാരതീയ ചിന്തകളിലേക്ക് ശ്രദ്ധിക്കുമ്പോഴാണ് നാം ഭാരതീയര്‍ കണ്ടില്ല, കേട്ടില്ല എന്നു പറഞ്ഞിരിക്കുന്നത്. നൈമിഷിക താല്‍പ്പര്യങ്ങള്‍ക്കായി രാജ്യതാല്‍പ്പര്യത്തെ നാം ബലിക്കുന്നു. ഈ ചിന്താഗതി തിരുത്തണം.സ്വാമി പറഞ്ഞു കെഎച്ച്എന്‍എ പ്രസിഡന്റ്് സുരേന്ദ്രന്‍ നായര്‍ അധ്യക്ഷം വഹിച്ചു. . സനാധന ധര്‍മ്മത്തിലെ സമകാലൂന സമസ്യകള്‍ എന്നവിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടനാസെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍, കഎച്ച്എന്‍എ മുന്‍ പ്രസിഡന്റുമാരായ മന്മഥന്‍നായര്‍, അനില്‍കുമാര്‍പിള്ള, എന്നിവര്‍ സംസാരിച്ചു കേരള കോര്‍ഡിനേറ്റര്‍ പി.ശ്രീകുമാര്‍ സ്വാഗതവും വിശ്വനാഥന്‍പിള്ള നന്ദിയും പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.