ബംഗളൂരു: ഗ്രാമി അവാര്‍ഡ് ജേതാവും പ്രമുഖ ഫ്രഞ്ച് ഡിജെയും സംഗീത സംവിധായകനുമായി ഡേവിഡ് ഗൂട്ട ബംഗളൂരുവില്‍ ഇന്നു നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് സംഘാടകര്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
രാജ്യത്തെ പ്രമുഖ സംഗീത പരിപാടികളുടെ സംഘാടകരായ സണ്ബേണാണ് ബംഗളൂരുവിലെ പരിപാടി നടത്തുന്നത്. എന്നാല്‍ നിശ്ചയിച്ച പരിപാടി പുന:ക്രമീകരിക്കാന്‍ ശ്രമം നടത്തുമെന്നും കമ്പനി വക്താവ് അറിയിച്ചു.
അതേസമയം പരിപാടി റദ്ദാക്കിയതും പുതുവര്‍ഷ രാവിലെ സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നിതിന് മുമ്പ് പോലീസുമായി സുരക്ഷാവിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും പ്രദേശത്തെ കാര്‍ഷിക യൂണിറ്റിന്റെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോലീസിനെ സുരക്ഷക്കായി അവിടെ വിന്യസിച്ചെന്നും ബംഗളുരു ഐ.ജി സീമന്ത് കുമാര്‍ വ്യക്തമാക്കി. പോലീസ് സംരക്ഷണം ഇല്ലാതെ ഇത്തരമൊരു വലിയ പരിപാടി അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഇന്ത്യയിലെത്തുന്ന ഡേവിഡ് ഗൂട്ട ബംഗളൂരുവിനെ കൂടാതെ മുംബൈ, ഹൈദരാബാദ്, ന്യൂദല്‍ഹി എന്നീ നഗരങ്ങളിലും പരിപാടി നടത്തും. നേരത്തെ തീരുമാനിച്ചതുപോലെ മറ്റു നഗരങ്ങളില്‍ പരിപാടി നടത്തുമെന്ന് സിംഗ് പറഞ്ഞു.
ലോകമെമ്പാടും 39 കോടി ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഡേവിഡിനെ 2011ല്‍ ഡിജെ മാഗസിന് ലോകത്തെ ഏറ്റവും മികച്ച ഡിജെയായി തെരഞ്ഞെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: