സാംസ്‌കാരിക മുന്നേറ്റത്തിന് പ്രചോദനമായത് സ്വാമി വിവേകാനന്ദന്‍

Thursday 12 January 2017 8:13 pm IST

ആലപ്പുഴ: ഭാരതത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് പ്രചോദനമായത് സ്വാമി വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് വിജ്ഞാനകൈരളി മുന്‍ ചീഫ് എഡിറ്റര്‍ ഡോ. എ.എം. ഉണ്ണികൃഷ്ണന്‍. യുവജന ദിനാഘോഷത്തിന്റെ ഭാഗമായി എസ്ഡി കോളേജില്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണത്തിന് ദിശാബോധം നല്‍കിയത് സ്വാമി വിവേകാനന്ദനാണ്. ഡോ. പല്‍പു, കുമാരനാശാന്‍ എന്നിവരുമായി മൈസൂറില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയാണ് എസ്എന്‍ഡിപിയോഗത്തിന് കാരണമായി മാറിയത്. ആദ്ധ്യാത്മിക ആചാര്യനെ മുന്‍നിറുത്തിവേണം സാമൂഹ്യപരിഷ്‌കരണത്തിന് സംഘടന രൂപീകരിക്കേണ്ടതെന്ന വിവേകാനന്ദന്റെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ ഡോ. പല്‍പു എസ്എന്‍ഡിപിക്ക് രൂപം നല്‍കിയത്. വിവേകാനന്ദ സന്ദേശങ്ങള്‍ എസ്എന്‍ഡിപിക്കും നേതൃത്വത്തിനും പ്രേരണാദായകമായി മാറി. എസ്എന്‍ഡിപിയുടെ മുഖപത്രത്തിന് വിവേകോദയം എന്ന പേരു നല്‍കാന്‍ പോലും കാരണം ഇതാണ്. കുമാരനാശാന്റെ സാഹിത്യ രചനകളെയും വിവേകാനന്ദ ദര്‍ശനങ്ങള്‍ സ്വാധീനിച്ചിരുന്നു. അദ്ദേഹം പലതവണ കല്‍ക്കട്ടയിലെത്തി സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമൂഹ്യ പരിഷ്‌കരണ രംഗത്തുമാത്രമല്ല, സാഹിത്യ മേഖലയിലും വിവേകാനന്ദന്‍ നിര്‍ണായ സ്വാധീനം ചെലുത്തി. കേരളം ഇന്ന് ദൈവത്തിന്റെ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടാനുള്ള പ്രധാന വ്യക്തിത്വം സ്വാമി വിവേകാനന്ദനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്ഡി കോളേജ് മാനേജര്‍ ജെ. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എസ്. നടരാജ അയ്യര്‍, ചരിത്ര വിഭാഗം മേധാവി ഡോ. ആര്‍. രാജലക്ഷ്മി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ശ്രീലക്ഷ്മിഗോപന്‍ സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.