മകരജ്യോതി ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍

Thursday 12 January 2017 9:33 pm IST

ഇടുക്കി: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുല്ലുമേട് എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ ജില്ലാഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശക്തവും വിപുലവുമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പരുന്തുംപാറ, പാഞ്ച ാലിമേട്, എന്നിവിടങ്ങളില്‍ എത്തുന്ന അയ്യപ്പഭക്തന്‍മാരുടെ തിരക്ക് കണക്കിലെടുത്ത് അവിടെ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയ്യപ്പന്‍മാരുടെ സുരക്ഷക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുല്‍ അറിയിച്ചു. 13, 14, 15 തീയതികളില്‍ വണ്ടിപ്പെരിയാറില്‍ പണി പൂര്‍ത്തിയായ പുതിയ പാലത്തിലൂടെ ഗതാഗത സൗകര്യം അനുവദിക്കും. തീര്‍ത്ഥാടകരുടെ സുരക്ഷക്കും ഗതാഗതക്രമീകരണത്തിനുമായി 1500 പോലീസ് ഉദ്യോഗസ്ഥര്‍ സേവനരംഗത്ത് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. ഒരു ഐ.ജി, രണ്ട് പോലീസ് സൂപ്രണ്ടുമാര്‍, 15 ഡിവൈഎസ്പിമാര്‍, 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1500 പോലീസ് സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു ഡി.സി.പിയുടെ നേതൃത്വത്തിലാണ് പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ കേന്ദ്രങ്ങളില്‍ സേനയെ വിന്യസിച്ചിരിക്കുന്നത്. പുല്ലുമേട്ടിലെ സുരക്ഷ ചുമതലക്ക് ജില്ലാ പോലീസ് മേധാവിി നേരിട്ട് മേല്‍നോട്ടം വഹിക്കും. പോലീസ് 50 അസ്‌കാ ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെയും പോലീസ് സേന അയ്യപ്പന്‍മാരുടെ സുരക്ഷക്കായുണ്ടാകും. അയ്യപ്പന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഒരു് എലിഫന്റ് സ്‌ക്വാഡും ഒരു റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പ്രവര്‍ത്തിക്കുന്നു. വനം വകുപ്പിന്റെ വിവിധ റാങ്കുകളിലുള്ള 60 പേര്‍ കര്‍മ്മസജ്ജരായി ഉണ്ടാകും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഡി.ഡി കിഷന്‍കുമാറിന്റെ നേതൃത്വത്തില്‍ സത്രം മുതല്‍ എല്ലായിടത്തും സൈന്‍ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏര്‍പ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.