സിപിഎമ്മിന്റെ എതിര്‍പ്പ് അവഗണിച്ച് മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിച്ചു

Friday 13 January 2017 3:33 am IST

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു

മൂന്നാര്‍: ടൗണിന് സമീപം പൊതുമരാമത്ത് ഭൂമി കയ്യേറി നിര്‍മ്മിച്ച നാല് വീടുകള്‍ പൊളിച്ചുനീക്കി. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ദേവികുളം എംഎല്‍എയുടെ വീടിന് സമീപത്തായി മുരുകന്‍കോവില്‍ റോഡിലെ വീടുകള്‍ പൊളിച്ച് നീക്കിയത്.

കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്ത് വന്നെങ്കിലും പോലീസ് സന്നാഹത്തോടെ കയ്യേറ്റം ഒഴിപ്പിക്കുകയായിരുന്നു. പൊതുമരാമത്തിന്റെ ഭൂമി കയ്യേറി നിര്‍മ്മിച്ച വീടുകള്‍ പൊളിച്ച് നീക്കണമെന്ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയെടുത്തത്.

ഇന്നലെ രാവിലെയാണ് സബ്കളക്ടര്‍ ശ്രീ റാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ പോലീസും, റവന്യൂ-പൊതുമരാമത്ത് വകുപ്പും, കെഎസ്ഇബി അധികൃതരും എത്തി കയ്യേറ്റം പൊളിച്ച് നീക്കിയത്. വരും ദിവസങ്ങളിലും കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ബാങ്ക് അധികൃതര്‍ക്ക് കയ്യേറ്റം ഒഴിഞ്ഞ് പോകാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സിപിഎമ്മാണ് ഈ കയ്യേറ്റത്തിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. പോലീസ് സന്നാഹത്തോടെ ഈ കയ്യേറ്റം വരും ദിവസങ്ങളില്‍ ഒഴിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.