ബാഴ്സലോണ: നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ സ്പാനിഷ് കോപ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. രണ്ടാം പാദത്തിലെ മികച്ച വിജയമാണ് അവര്‍ക്ക് അവസാന എട്ടില്‍ ഇടംനേടിക്കൊടുത്തത്. ആദ്യ പാദത്തില്‍ 2-1ന് അത്ലറ്റിക് ബില്‍ബാവോയോട് പരാജയപ്പെട്ട കറ്റാലന്‍ പട നൗകാമ്പിലെ രണ്ടാം പാദത്തില്‍ 3-1ന്റെ വിജയം നേടി. ഇതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ വിജയമാണ് ബാഴ്സ നേടിയത്. എം-എസ്-എന്‍ ത്രയത്തിന്റെ മികച്ച പ്രകടനമായിരുന്നു മത്സരത്തിലെ സവിശേഷത.
കളിയുടെ 35-ാം മിനിറ്റില്‍ സുവാരസിലൂടെയാണ് ബാഴ്സ ഗോള്‍ അടിച്ചു തുടങ്ങിയത്. നെയ്മര്‍ നല്കിയ ക്രോസ് സ്വീകരിച്ച് സുവാരസ് പായിച്ച തകര്‍പ്പന്‍ വോളി അത്ലറ്റിക് ബില്‍ബാവോ വലയില്‍ കയറി. ഈ ഒരു ഗോളിന് ആദ്യ പകുതിയില്‍ ബാഴ്സ മുന്നിട്ടുനിന്നു. ബാഴ്സക്ക് വേണ്ടി 120 മത്സരങ്ങള്‍ കളിച്ച സുവാരസിന്റെ നൂറാം ഗോളായിരുന്നു ഇത്. ബാഴ്സക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ നൂറ് ഗോള്‍ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് സുവാരസ്. 99 കളികളില്‍ നിന്ന് സ്പാനിഷ് താരം മാരിയാനോ മാര്‍ട്ടിനും 103 കളികളില്‍ നിന്ന് ഹംഗേറിയന്‍ സ്ട്രൈക്കര്‍ ലാസ്ലോ കുബാലയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. സൂപ്പര്‍താരം ലയണല്‍ മെസ്സി 188 കളികളില്‍ നിന്നാണ് 100 ഗോള്‍ നേടിയിട്ടുള്ളത്.
പിന്നീട് രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റയാപ്പോള് പെനാല്‍റ്റിയിലൂടെ നെയ്മര്‍ ലീഡ് ഉയര്‍ത്തി. പതിനൊന്ന് മത്സരത്തിനുശേഷമാണ് നെയ്മര്‍ ക്ലബ്ബിനായി ഗോള്‍ നേടുന്നത്. 51-ാം മിനിറ്റില്‍ സബോറിറ്റിലൂടെ അത്ലറ്റിക് ക്ലബ് ഒരു ഗോള്‍ മടക്കി. എന്നാല്‍ 78-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളിലൂടെ മെസ്സി ബാഴ്സയുടെ ഗോള്‍ പട്ടിക തികച്ചതോടെ ബാഴ്സലോണ ക്വാര്‍ട്ടറില്‍. ബാഴ്സക്കായി തന്റെ 26-ാം ഫ്രീ കിക്ക് ഗോളാണിത്. ഇതോടെ മെസ്സി റൊണാള്‍ഡ് കീമാന്റെ റെക്കോര്‍ഡിനൊപ്പവുമെത്തി. തുടര്‍ച്ചയായ ഏഴാം തവണയാണ് ബാഴ്സ ഈ നേട്ടം കൈവരിക്കുന്നത്.
വിയ്യാറയല്‍-റയല്‍ സോസിഡാഡ് രണ്ടാം പാദം 1-1ന് സമനിലയില്‍ കലാശിച്ചു. എന്നാല്‍ ആദ്യപാദത്തില്‍ നേടിയ 3-1ന്റെ വിജയത്തോടെ സോസിഡാഡും അവസാന എട്ടില്‍ ഇടംനേടി. ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയമാണ് സോസിഡാഡിനുള്ളത്. ആദ്യ പാദത്തില്‍ നേടിയ രണ്ട് എവേ ഗോളുകളുടെ കരുത്തില്‍ ആല്‍വ്സും അവസാന എട്ടില്‍. ഡിപോര്‍ട്ടീവോ ലാ കൊരൂണയെയാണ് ആല്‍വ്സ് എവേ ഗോള്‍ മികവില്‍ മറികടന്നത്. ആദ്യ പാദം 2-2നും രണ്ടാം 1-1നും സമനിലയില്‍ പിരിഞ്ഞു. രണ്ടാം പാദത്തില്‍ കോര്‍ഡോബയെ 2-1ന് പരാജയപ്പെടുത്തി അല്കോര്കോണും ക്വാര്‍ട്ടറിലെത്തി. ആദ്യപാദം ഗോള്‍രഹിത സമനിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: