ജെല്ലിക്കെട്ട് നിരോധനം: തമിഴകത്ത് പ്രതിഷേധം രൂക്ഷം

Friday 13 January 2017 1:05 pm IST

ന്യൂദല്‍ഹി: ജെല്ലിക്കെട്ട് നിരോധിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം. ജെല്ലിക്കെട്ട് നിരോധത്തിനെതിരെ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ കനിമൊഴിയും പ്രതിഷേധറാലിയില്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ പ്രധാന കായിക വിനോദമായ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ കാലികളുമായി എത്തി കളക്ട്രേറ്റിനുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധ പ്രകടനം നടത്തി. ചെന്നൈ മറീനാ ബീച്ചിലും മധുരെയിലും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം ജെല്ലിക്കെട്ട് നിരോധിക്കണമെന്ന ആവശ്യത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം വ്യക്തമാക്കി. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് എതിരായ ഹര്‍ജികള്‍ പൊങ്കലിനു മുന്‍പായി തീര്‍പ്പാക്കണമെന്നാവശ്യപ്പെടുന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളിയിരുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സുപ്രീംകോടതി കൈക്കൊള്ളുമെന്ന മറുപടിയാണ് കേന്ദ്രത്തില്‍ നിന്നുണ്ടായത്. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് 2011ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് 2014ല്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.