സ്വാമി വിവേകാനന്ദന്റെ ദര്‍ശനം യുവാക്കള്‍ ഉള്‍ക്കൊള്ളണം: ഇ.ടി.മുഹമ്മദ് ബഷീര്‍

Friday 13 January 2017 12:52 pm IST

മലപ്പുറം: ദൈവത്തിന്റെ വരദാനമായ ആത്മാവിനെ ആര്‍ക്കും വാടക വസ്തുവായി നല്‍കരുതെന്നും അന്തരാത്മാവിനെ ശുദ്ധീകരിക്കാനുള്ള സ്വാമി വിവേകാനന്ദന്റെ ദര്‍ശനം യുവാക്കള്‍ ഉള്‍ക്കൊള്ളണമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കലക്ടേറ്റ് സമ്മേളന ഹാളില്ഡ നടന്ന ദേശീയ യുവജന വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാവിനെക്കാള്‍ വലിയ അദ്ധ്യാപകനില്ലെന്നും ആത്മാവിനെ ശുദ്ധീകരിച്ച് അകത്ത് നിന്ന് പുറത്തേക്കാണ് നാം വളരേണ്ടതെന്നുമാണ് സ്വാമി വിവേകാനന്ദന്‍ യുതലമുറയെ പഠിപ്പിച്ചത്. കഴിയുംവിധം പരോപകാരം ചെയ്യാനും പാവപ്പെട്ടവരിലേക്ക് സഹായ ഹസ്തം നീട്ടാനും യുവജന സംഘടനകള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള 25,000 രൂപ ക്യാഷ് അവാര്‍ഡും ബഹുമതി പത്രവും അടങ്ങുന്ന പുരസ്‌കാരം കൊളപ്പുറം നവകേരള സാംസ്‌കാരിക വേദിക്ക് സമ്മാനിച്ചു. നവകേരള ഭാരവാഹികളായ പ്രസിഡന്റ് നാസര്‍ മലയില്‍, സെക്രട്ടറി പി. രവികുമാര്‍ ട്രഷറര്‍ പി.ടി ഷംസീര്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന സംസ്ഥാനതല യൂത്ത് ക്ലബ്ബ് അവാര്‍ഡും ഇത്തവണ നവകേരളയ്ക്കാണ് ലഭിച്ചത്. പരിപാടിയില്‍ പി. ഉബൈദുള്ള എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. 50 ക്ലബ്ബുകള്‍ക്ക് 3000 രൂപയുടെ വീതമുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങളാണ് എന്‍.വൈ.കെ. നല്‍കുന്നത്. ഡിജിറ്റല്‍ പണമിടപാടില്‍ യൂത്ത് ക്ലബ്ബ് നേതാക്കള്‍ക്കുള്ള പരിശീലന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലീഡ് ജില്ലാ മാനെജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. കുഞ്ഞമ്മദ്, മലപ്പുറം ഗവ. കോളെജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഉദയകുമാര്‍, തിരൂര്‍ തുഞ്ചന്‍ ഗവ. കോളെജ് എന്‍.സി.സി. ഓഫീസര്‍ ഷുകൂര്‍ ഇല്ലത്ത്, നവകേരള സാംസ്‌കാരിക വേദി പ്രസിഡന്റ് നാസര്‍ മലയില്‍, എന്‍.വൈ.കെ. അസി. കോഡിനേറ്റര്‍ പി. അസ്മാബി തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ യുവജന വാരാഘോഷം 19ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.