ഭാരതീയ വിദ്യാനികേതന്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Friday 13 January 2017 9:05 pm IST

തൊടുപുഴ: ഭാരതീയ വിദ്യാനികേതന്റെ  പതിമൂന്നാമത് സംസ്ഥാന കലോത്സവത്തിന് തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തിരിതെളിഞ്ഞു. കലോത്സവത്തിന് വിളംബരമായി നടന്ന സാംസ്‌കാരിക ഘോഷയാത്ര നാടിന് പുളകച്ചാര്‍ത്തായി. പഞ്ചവാദ്യം, കളരിപ്പയറ്റ് വിവിധ നിശ്ചലദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, ആറ് സെറ്റ് ബാന്റ് മേളക്കാര്‍, വിദ്യാനികേതന്റെ മാത്രം പ്രത്യേക ഇനമായ 6 സെറ്റ് യോഗ്ചാപ് കലാകാരന്‍മാര്‍ എന്നിവയ്‌ക്കൊപ്പം ആയിരങ്ങള്‍ കൂടി അണിനിരന്നപ്പോള്‍ വിളംബര ഘോഷയാത്ര തൊടുപുഴ നിവാസികള്‍ക്ക് നവ്യാനുഭവായി. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ മേജര്‍ ആര്‍ ലാല്‍കൃഷ്ണ ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാനികേതന്‍ ഭാരവാഹികളായ എ.ജി രാധാകൃഷ്ണന്‍, എം.എന്‍ ഹരിദാസ്, കെ.എ വിജയന്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ കലോത്സവം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ.മഹേന്ദ്രനാഥ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. തൊടുപുഴ എംഎല്‍എ പി. ജെ. ജോസഫ് മുഖ്യാഥിതിയായി പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കെ സുബ്രഹ്മണ്യ അയ്യരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കലാമത്സരങ്ങളുടെ ഉദ്ഘാടനം ബാലതാരം കുമാരി മീനാക്ഷി (ഒപ്പം ഫെയിം) നിര്‍വ്വഹിച്ചു. വിദ്യാഭാരതി ദേശീയ സഹകാര്യദര്‍ശി എന്‍ സി റ്റി രാജഗോപാല്‍ ധ്വജാരോഹണവും ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യന്‍ എ. കെ. ശ്രീധരന്‍ മാസ്റ്റര്‍ ആമുഖ ഭാഷണവും നിര്‍വ്വഹിച്ചു. ദേശിയ റാങ്ക് ജേതാക്കളെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും, ദേശീയ കായിക പ്രതിഭകളെ ആദരിക്കല്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും, ജില്ലയിലെ കലാ സാഹിത്യമേഖലയിലെ ആചാര്യമാരെ ആദരിക്കല്‍ വിദ്യാഭാരതി ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എ സി ഗോപിനാഥും നിര്‍വ്വഹിച്ചു. തൊടുപുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ റ്റി. കെ. സുധാകരന്‍ നായര്‍, മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അടപ്പൂര്‍, മുഖ്യ രക്ഷാധികാരി മേജര്‍ ആര്‍ ലാല്‍കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പ്രൊഫ. പിജി. ഹരിദാസ് സ്വാഗതവും, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍. വിജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്റ്റേജ് ഒന്നിലും രണ്ടിലും തിരുവാതിര കളി മത്സരവും സ്റ്റേജ് ഒന്‍പതില്‍ യോഗ്ചാപ് മല്‍സരവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.