ബ്രഹ്മപുത്രയുടെ മാനസപുത്രന്‍ ശങ്കര്‍ദേവ്: പ്രകാശനം ഇന്ന്

Friday 13 January 2017 10:41 pm IST

കണ്ണൂര്‍: പ്രാതസ്മരണീയനും വൈഷ്ണവഭക്തിപ്രസ്ഥാനത്തിലൂടെ അസമിലെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഉപജ്ഞാതാവുമായി മാറിയ ശ്രീമന്ത് ശങ്കര്‍ദേവിന്റെ ജീവചരിത്രം അടിസ്ഥാനമാക്കി ലോഹിത് കെ മാനസ് പുത്ര് ശങ്കര്‍ദേവ് എന്ന ഹിന്ദി പുസ്തകത്തിന്റെ ബ്രഹ്മപുത്രയുടെ മാനസപുത്രന്‍: ശങ്കര്‍ദേവ് എന്ന പേരിലുള്ള മലയാള തര്‍ജ്ജിമയുടെ പാകാശനം ഇന്ന് തളിപ്പറമ്പില്‍ നടക്കും. വിഘടനവാദത്തിന്റെ കരാളഹസ്തങ്ങളില്‍പ്പെട്ടുഴലുന്ന അസമിയ ജനത ദേശീയതയുടെയും ധര്‍മ്മ സംസ്‌കൃതിയുടെയും അടിയുറച്ച വക്താക്കളായിരുന്നുവെന്ന് ഈ പുസ്തകം ശക്തിയുക്തം വെളിപ്പെടുത്തുന്നു. 119 വര്‍ഷക്കാലം നീണ്ട ജീവചരിത്രത്തിലെ സംഭവബഹൂലമായ താളുകള്‍ തികച്ചും പ്രേരണാപ്രദമാണ്. 12 വര്‍ഷക്കാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ തീര്‍ത്ഥാടനം ഭാരതത്തിന്റെ ആദ്ധ്യത്മിക കേന്ദ്രങ്ങളെക്കുറിച്ചുള്ള വിസ്തരിച്ച അറിവ് വായനക്കാര്‍ക്ക് നല്‍കുമെന്നതില്‍ സംശയമില്ല. ഗോഹട്ടി നിവാസിയായ സാവല്‍മര്‍ സാംഗണേരിയയാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാന ഗ്രന്ഥം എഴുതിയത്. ജ്ഞാനപീഠ പുരസ്‌കാരജേതാവായ മാമൊനി രൈസം ഇന്ദിര ഗോസ്വാമിയാണ് പ്രസ്താവനയെഴുതിയത് എന്നതു തന്നെ പുസ്തകത്തിന്റെ മികവ് വെളിപ്പെടുത്തുന്നതാണ്. വനവാസി കല്യാണ്‍ ആശ്രമത്തിന്റെ അഖില ഭാരതീയ ശ്രദ്ധാ ജാഗരണ്‍ പ്രമുഖും തലശ്ശേരി സ്വദേശിയുമായ പി.പി.രമേഷ് ബാബുവാണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. സ്വാമി ചിദാനന്ദപുരി അവതാരിക എഴുതിയ പുസ്തകം കുരുക്ഷേത്ര പ്രകാശന്‍ ആണ് പ്രസിദ്ധീകരിക്കുന്നത്. ഭാസ്‌കര്‍ റാവുജി അനുസ്മരണ പരിപാടിയോടനുബന്ധിച്ച് തളിപ്പറമ്പിലെ ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഇന്ന് കാലത്ത് 10 മണിക്ക് നടക്കുന്ന കുടുംബ സദസ്സില്‍ വെച്ച് പുസ്തകം പ്രകാശനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.