തീര്‍ത്ഥാടകരെ സ്വകാര്യ ബസ്സില്‍ കയറ്റി വിട്ട സംഭവം ഹൈക്കോടതി ഉത്തരവില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞു

Friday 13 January 2017 10:10 pm IST

എരുമേലി: കെഎസ്ആര്‍ടിസി ബസില്ലാത്തതിന്റെ പേരില്‍ ശബരിമല തീര്‍ത്ഥാടകരെ സ്വകാര്യ ബസില്‍ കയറ്റി വിട്ട സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയ മൂന്നു പേരെ കോടതി ഉത്തരവുണ്ടായിട്ടും ജോലിക്കെത്തുന്നതില്‍ നിന്ന് കോര്‍പ്പറേഷന്‍ തടഞ്ഞു. എരുമേലി ഓപ്പറേഷന്‍ സെന്ററില്‍ കഴിഞ്ഞ ഡിസംബര്‍ 11 നായിരുന്നു സംഭവം. എരുമേലിയില്‍ നിന്ന് പമ്പക്ക് പോയ ബസുകള്‍ പമ്പയില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് സര്‍വ്വീസിന് അയച്ചതിനെ തുടര്‍ന്ന് എരുമേലി ഡിപ്പോയില്‍ ബസില്ലാതാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏറെ നേരം തീര്‍ത്ഥാടകരും, ബിജെപി പ്രവര്‍ത്തകരും ഡിപ്പോ ഉപരോധിക്കുകയും ചെയ്യുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മണിമല സിഐ ഇ.പി. റജിയുടെ നേതൃത്വത്തില്‍ പോലീസെത്തി തീര്‍ത്ഥാടകരെ സ്വകാര്യ സ്വകാര്യ ബസുകള്‍ വിളിച്ച് കയറ്റി വിടുകയായിരുന്നു. എന്നാല്‍ പമ്പാ സര്‍വീസിനായി എരുമേലിക്കനുവദിച്ച ബസുകള്‍ റൂട്ടു മാറ്റി ഓടിച്ചതും, ഈ വിവരം പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ മറ്റ് മൂന്നു പേര്‍ക്കെതിരെയാണ് സ്ഥലം മാറ്റനടപടി യെടുത്തത്. ഇതു സംബന്ധിച്ച് ജന്മഭൂമി വാര്‍ത്തയും നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സെന്ററിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ എം.ജി രവീന്ദ്രന്‍ ,കണ്‍ട്രോളിംഗ് ഇന്‍ചാര്‍ജ് എം.റ്റി പ്രസാദ്, കണ്ടക്ടര്‍ റ്റി. എസ് അശോക് കാര്‍ എന്നിവരെ നടപടികളുടെ ഭാഗമായി സ്ഥലം മാറ്റുകയായിരുന്നു. ഈ നടപടിക്കെതിരെ നല്‍കിയ പരാതിയില്‍ ഹൈക്കോടതി സ്ഥലം മാറ്റിയ വരെ തിരിച്ചെടുക്കാന്‍ കോര്‍പ്പറേഷന്‍ പേഴ്‌സണല്‍ മനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഉണ്ടായിട്ടും പൊന്‍കുന്നം എ.റ്റി.ഒ ജയിംസ് വി. കോയിപ്പള്ളി ഇന്നലെ ജോലിക്കെത്തിയ രണ്ടു പേരെ തടയുകയായിരുന്നു. ബുക്കില്‍ ഒപ്പ് വച്ച് ജോലി ചെയ്തു കൊണ്ടിരിക്കെ പേര് വെട്ടിയതിതിനുശേഷം ജോലി വിലക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.