സിനിമാ സമരം, ട്രഷറര്‍ രാജിവച്ചു; പുതിയ സംഘടന ഇന്ന്

Friday 13 January 2017 10:46 pm IST

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ രാജി. ഇന്ന് പുതിയ സംഘടന പ്രഖ്യാപിച്ചേക്കും.പ്രശ്‌നപരിഹാരത്തിന് ആദ്യം ഏകപക്ഷീയമായി സമരം നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയുടെ താക്കീത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഖജാന്‍ജി സാജു ജോണി രാജിവെച്ചു. പുതിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താന്‍ തയാറായ സാഹചര്യത്തിലാണ് രാജിയെന്ന് സാജു ജോണി ജോണി പറഞ്ഞു. 51 ഏ ക്ലാസ് തീയറ്റര്‍ ഉടമകള്‍ എക്ലിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്ന് പുറത്തുവന്നതായി ചലച്ചിത്ര നിര്‍മാതാക്കളും വിതരണക്കാരും അവകാശപ്പെട്ടു. ഇവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച എറണാകുളത്ത് പുതിയ സംഘടന രൂപീകരിക്കാന്‍ യോഗം ചേരും. 19 ന് പുതിയ മലയാള സിനിമ റിലീസുചെയ്യും. ഏതു ചിത്രമെന്ന് ഇന്നത്തെ യോഗം തീരുമാനിക്കും. ചലച്ചിത്രതാരവും തീയറ്റര്‍ ഉടമയുമായ ദിലീപും യോഗത്തില്‍ പങ്കെടുത്തേക്കും. സ്വാര്‍ഥ താല്‍പര്യക്കാര്‍ വിട്ടുപോയതുകൊണ്ട് സംഘടന തകരില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ 17ന് ഫെഡറേഷന്റെ അടിയന്തിര യോഗം കൊച്ചിയില്‍ ചേരും. 25 ന് മന്ത്രി എ. കെ. ബാലന്‍ വിളിച്ച യോഗത്തില്‍ ഫെഡറേഷന്‍ പങ്കെടുക്കും, ബഷീര്‍ പറഞ്ഞു. എന്നാല്‍, ചലച്ചിത്ര വ്യവസായരംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പ്രസ്താവിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടത്തുമെന്നും അതുവരെ സമരത്തിനു പോകരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.