ആലപ്പുഴ: അഞ്ചാം മന്ത്രി വിവാദത്തെത്തുടര്‍ന്നുണ്ടായ സാമുദായിക ധ്രുവീകരണം നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടാല്‍ അതിശയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നിലയില്‍ പത്ത് വോട്ട് പോലും നേടാന്‍ കഴിവില്ലാത്തയാളാണ് നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശെല്വരാജെന്നും വെള്ളപ്പള്ളി നടേശന് പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമത്സരം ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഒരു പക്ഷേ ബി.ജെ.പി ജയിച്ചുകയറിയെന്നും വരാമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കേരളത്തിലുണ്ടായ ജാതീയ ധ്രുവീകരണം ആരോഗ്യപരമാണെന്നും അത് ബി.ജെ.പിയെ സഹായിക്കുമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന നയം കേരളത്തിലെ ജനം അംഗീകരിച്ചുവെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: