കാണാതായ അഞ്ച് കുട്ടികളെ കോവില്‍പ്പെട്ടിയില്‍ കണ്ടെത്തി

Friday 13 January 2017 11:11 pm IST

നെയ്യാറ്റിന്‍കര: ഒന്നരമാസത്തിലധികമായി മാരായമുട്ടത്തെ ജനങ്ങളെയും പൊലീസിനെയും ആശങ്കയിലാക്കി കാണാതായ 5 ആണ്‍കുട്ടികളെ തമിഴ്‌നാട്ടിലെ കോവില്‍പ്പെട്ടിയിലും പരിസരത്തുനിന്നും പൊലീസ് കണ്ടെത്തി നാട്ടിലെത്തിച്ചു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ 5 പേരെയാണ് പെരുങ്കടവിള , ചുളളിയൂര്‍ , മാരായമുട്ടം ഭാഗങ്ങളില്‍ നിന്നായി നവംബര്‍ അവസാനം മുതല്‍ കാണാതായത്. കുട്ടികള്‍ കഞ്ചാവ് മാഫിയായുടെ പിടിയിലാണെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ക്കിടയിലാണ് കോവില്‍പ്പെട്ടിയിലെ മില്ലില്‍ ജോലി ചെയ്ത് വരികയായിരുന്ന കുട്ടികളെ പൊലീസ് കണ്ടെത്തിയത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ കറങ്ങിനടക്കുന്ന കുട്ടികളെ വീട്ടുകാര്‍ ശാസിച്ചതിനാലാണ് നാടുവിട്ടു പോകാന്‍ തീരുമാനിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. ട്രെയിന്‍ മാര്‍ഗ്ഗം മധുരയിലും അവിടെ നിന്ന് വേളാങ്കണ്ണിയിലും രാമേശ്വരത്തുമായി കഴിഞ്ഞ ശേഷം വേളാങ്കണ്ണിയില്‍ വച്ച് പരിചയപ്പെട്ട ഒരാള്‍ മുഖാന്തരമാണ് കോവില്‍പ്പെട്ടിയില്‍ എത്തിയത്. കോവില്‍പ്പെട്ടിയില്‍ ആട്ട ,മൈദ ,നൂഡില്‍സ് , അട എന്നിവ തയാറാക്കുന്ന ഒരു മില്ലില്‍ ജോലി ചെയ്ത് കഴിഞ്ഞുവരവേയാണ് പൊലീസ് പിടികൂടുന്നത്. തിരുവനന്തപുരം റൂറല്‍ എസ്.പി അശോക്കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുല്‍ഫിക്കര്‍ , സി.ഐ. സന്തോഷ്‌കുമാര്‍ മാരായമുട്ടം എസ്.ഐ ഹരിലാല്‍ , ജലാലുദ്ദീന്‍ , എസ്.സി.പി.ഒ കൃഷ്ണകുമാര്‍ , ഷാഡോ ടീം അംഗം പ്രവീണ്‍ ആനന്ദ് , മാരായമുട്ടം സ്റ്റേഷനിലെ എസ്.സി.പി.ഒ സ്റ്റീഫന്‍ , സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് കുട്ടികളെ കണ്ടെത്തിയത്. നാട്ടിലെത്തിച്ച കുട്ടികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.