മകരജ്യോതി ഇന്ന്

Friday 13 January 2017 11:30 pm IST

ശബരിമല: ഭക്തജന ലക്ഷങ്ങള്‍ക്ക് നിര്‍വൃതിയുടെ നെയ്ത്തിരി നാളമായി ഇന്ന് മകരജ്യോതി ദര്‍ശനം. സന്നിധാത്തും പൂങ്കാവനത്തിന്റെ മലമടക്കുകളിലും ആയിരങ്ങളാണ് പര്‍ണ്ണശാല കെട്ടി കാത്തിരിക്കുന്നത്. വൈകിട്ട് 6.40ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കവേ മാനത്ത് മകരനക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ദിവ്യപ്രകാശം പകര്‍ന്നു നല്‍കുന്ന പുണ്യവുമായി ഭക്തജനലക്ഷങ്ങള്‍ മലയിറങ്ങും. ഇന്നലെ മുതല്‍ക്കേ സന്നിധാനത്തും പാണ്ടിത്താവളത്തും വന്‍ഭക്തജന തിരക്കാണ്. വിരിവയ്ക്കാന്‍ ഇടമുള്ളിടങ്ങളിലെല്ലാം തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. പാണ്ടിത്താവളത്ത് ഉള്‍വനങ്ങളില്‍ പോലും തീര്‍ത്ഥാടകര്‍ പര്‍ണ്ണശാല ഒരുക്കി കാത്തിരിക്കുകയാണ്. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന ഇന്ന് രാവിലെ 7.40നാണ് സംക്രമപൂജ. വൈകിട്ട് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ ജ്യോതിയും തെളിയും. 16,17,18,19 തീയതികളില്‍ ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ടാകും. ഇതില്‍ രണ്ടു ദിവസം ഉദയാസ്തമന പൂജയും നടത്തും. 18ന് ഉച്ചപൂജയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കളഭാഭിഷേകം. 19ന് അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്ത് ഗുരുതിയുണ്ടാകും. 20ന് പന്തളം രാജപ്രതിനിധിയ്ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദമുള്ളത്. 20ന് രാവിലെ നടയടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.