ഏനാത്ത് പാലം ഗതാഗതയോഗ്യമാക്കാന്‍ ആറ് മാസം വേണം

Saturday 14 January 2017 2:28 pm IST

പത്തനംതിട്ട: ഏനാത്ത് പാലം ഗതാഗതയോഗ്യമാക്കാന്‍ ആറ് മാസം വേണ്ടിവരുമെന്ന് ഐ‌ഐടി പ്രൊഫസര്‍ അരവിന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം. പാലത്തിന്റെ നില അപകടാവസ്ഥയിലാണെന്നും ഇവര്‍ വിലയിരുത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊതുമരാമത്ത് മന്ത്രിക്ക് നല്‍കും. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് പാലം അപകടാവസ്ഥയിലാണെന്ന വിവരം പുറത്തുവരുന്നത്. ഉദ്ഘാടനം നടത്തി പതിനെട്ട് വര്‍ഷം പിന്നിടുമ്പോഴാണ് എം.സി റോഡിലെ പത്തനം‌തിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകര്‍ന്നത്. രണ്ടും മൂന്നും സ്പാനുകളെ താങ്ങിനിര്‍ത്തുന്ന തൂണുകളുടെ ബലക്ഷയമാണ് പാലം തകരാന്‍ പ്രധാനകാരണം. നിര്‍മാണസമയത്ത് തന്നെ തൂണ് ഒരു വട്ടം ചരിഞ്ഞു. കഴിഞ്ഞദിവസം മുങ്ങല്‍‌വിദഗ്ധരെത്തി തൂണിന്റെ അടിവശത്തെ ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ബലക്ഷയം സ്ഥിരീകരിച്ചത്. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തൂണിന്റെ അസ്ഥിവാരം മുതല്‍ ബലപ്പെടുത്തിയ ശേഷം മാത്രമേ ഇനി ഗതാഗതം പുനസ്ഥാപിക്കാനാവൂ. പ്രതലം വേണ്ടത്ര ബലപ്പെടുത്താതെയാണ് തൂണുകള്‍ നിര്‍മിച്ചതെന്ന് പാലം നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളി വെളിപ്പെടുത്തി. അറ്റകുറ്റപ്പണികളുടെ അഭാവവും പാലം തകരുന്നതിന് ഇടയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.